| Wednesday, 14th June 2023, 3:28 pm

കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം; മറ്റൊരു പാര്‍ട്ടിയുടെ കാര്യം, ഇപ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടാകരുതായിരുന്നു: കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം ഇപ്പോള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് തന്നെ ഇക്കാര്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് മറ്റൊരു പാര്‍ട്ടിയുടെ കാര്യമായതിനാല്‍ വിഷയം പരിഹരിക്കാന്‍ കാത്തിരിക്കാതെ വേറെ വഴിയില്ലെവന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടായിക്കൂടാത്തതാണ്. കോണ്‍ഗ്രസ് ഇത് പരിഹരിക്കുമെന്നത് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. മറ്റൊരു പാര്‍ട്ടിയുടെ കാര്യമാകുമ്പോള്‍ കാത്തിരിക്കാതെ വേറെ വഴിയില്ലല്ലോ. പരിഹരിക്കുമെന്നാണ് വിശ്വാസം. പരിഹരിച്ചിട്ടുണ്ടല്ലോ,’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഗ്രൂപ്പ് നേതാക്കളുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നേതാക്കള്‍ വഴങ്ങാതെ നിലപാടിലുറച്ച് നില്‍ക്കുകയാണ്.

ഇതിന് പിന്നാലെയാണ് ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ സുധാകരന്‍ പരസ്യമായി രംഗത്തെത്തിയത്.

തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ കെ.പി.സി.സി നേതൃത്വത്തിനും താരീഖ് അന്‍വറിനുമെതിരെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്നാല്‍ രണ്ടോ മൂന്നോ നേതാക്കള്‍ക്ക് മാത്രമാണ് പരാതിയുള്ളതെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത് പക്വതയില്ലായ്മയാണെന്നും സുധാകരനും പ്രതികരിച്ചിരുന്നു. ഹൈക്കമാന്‍ഡ് തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

തീരുമാനങ്ങളില്‍ നിന്ന് തങ്ങളെ അകറ്റിനിര്‍ത്തുന്നുവെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം നേതാക്കള്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് എ.ഐ.സി.സി നേതൃത്വം ഇടപെട്ടത്. പ്രശ്‌നം പരിഹരിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

content highlights: KUNHALIKUUTTY ABOUT CONGRESS ISSUE

We use cookies to give you the best possible experience. Learn more