| Wednesday, 18th November 2020, 12:48 pm

'സര്‍ക്കാരിന് നേരെയുള്ള വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ നടത്തുന്ന നാടകം'; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപ്രേരിതമായ നടപടിയാണ് വിജിലന്‍സിന്റേത്. ഇടത് മുന്നണി കണ്‍വീനര്‍ ഇത് നേരത്തെ പറഞ്ഞിരുന്നു. മുമ്പേ തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റ് ആവശ്യമില്ലാത്ത കേസാണിത്. ഇപ്പോള്‍ സര്‍ക്കാരിന് നേരെയുള്ള മറ്റ് വിവാദങ്ങളും പ്രശ്‌നങ്ങളും ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തുന്ന നാടകമാണിത്. യു.ഡി.എഫ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ല, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം അറസ്റ്റ് ഉണ്ടാകുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങള്‍ ചേര്‍ന്നുവെന്നും അധികാരദുര്‍വിനിയോഗമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി ഇന്ന് അതിരാവിലെ തന്നെ വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘം വീട്ടില്‍ കയറി പരിശോധന നടത്തുകയും ചെയ്തു.

ഇതിന് പിന്നാലെ ലേക്ക്ഷോര്‍ ആശുപത്രിയിലെത്തിയ വിജിലന്‍സ് സംഘം ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റണമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.

2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. താമസിയാതെ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിള്ളലുണ്ടെന്നും കണ്ടെത്തി.

തുടര്‍ന്ന് 2019 മേയ് 1-ന് രാത്രി മുതല്‍ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.

പാലത്തിന്റെ ഭാര പരിശോധന നടത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് പാലം പണിയുമായി മുന്നോട്ട് പോകാനുള്ള അനുമതിയും നല്‍കി.

ഈ ഘട്ടത്തില്‍ ഭാരപരിശോധന നടത്തുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്.

പാലം അപകടാവസ്ഥയിലാണെങ്കില്‍ അത് പൊളിച്ച് പണിയാം എന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പാലത്തിന്റെ ദുര്‍ബല സ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകുമെന്നും അതേസമയം അതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 20 വര്‍ഷം മാത്രമേ ആയുസ്സ് കാണുകയുള്ളു എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kunjalikutty Response On Arrest Of Ibrahim kunj

We use cookies to give you the best possible experience. Learn more