Advertisement
national news
മുത്തലാഖ് വിവാദം; നടക്കുന്നത് തത്പരകക്ഷികളുടെ കുപ്രചാരണം; ചര്‍ച്ച ബഹിഷ്‌ക്കരിക്കാനായിരുന്നു ആദ്യ തീരുമാനമെന്നും കുഞ്ഞാലികുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 28, 12:54 pm
Friday, 28th December 2018, 6:24 pm

തിരുവനന്തപുരം: മുത്തലാഖ് ബില്‍ വോട്ടെടുപ്പിനിട്ട ദിവസം സഭയില്‍ എത്താത്തതിന് വിശദീകരണവുമായി പി.കെ കുഞ്ഞാലികുട്ടി എം.പി. ഇപ്പോള്‍ നടക്കുന്നത് തത്പരകക്ഷികളുടെ കുപ്രചാരാണമാണെന്നും പാര്‍ട്ടിപരമായും വിദേശയാത്രപരമായും അത്യാവശ്യങ്ങള്‍ ഉള്ളത് കൊണ്ടാണ് പാര്‍ലമെന്റില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

വോട്ടെടുപ്പില്‍ പങ്കെടുക്കാത്തത് പാര്‍ട്ടിയിലടക്കം വിവാദമായതോടെയാണ് വിശദീകരണവുമായി കുഞ്ഞാലികുട്ടി രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ നടന്ന മുത്തലാഖ് ചര്‍ച്ച ബഹിഷ്‌കരിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനമെന്നും എന്നാല്‍ ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ലീഗും തീരുമാനം മാറ്റുകയായിരുന്നെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

തന്നോട് ആലോചിച്ച ശേഷമാണ് ഇ.ടി മുഹമ്മദ് ബഷീര്‍ വോട്ട് ചെയ്തതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. നേരത്തെ കുഞ്ഞാലികുട്ടിയെ പിന്തുണച്ച് എം.കെ മുനീര്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു.

Also Read കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ലെന്ന നിലപാടുള്ളവര്‍ ഇടതുമുന്നണിയ്ക്ക് ബാധ്യത; ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി വി.എസ്

മുസ്ലിം സമുദായത്തെ സംബന്ധിച്ച സുപ്രധാനമായ ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി എം.പി യുടെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു. അദ്ദേഹം തന്റെ സുഹൃത്തിന്റെ മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റില്‍ എത്താതിരുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിന്ന് മുസ്ലിം ലീഗ് എം.പി കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിനെ വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തിയരുന്നു. അദ്ദഹം ചെയ്തത് വലിയ അപരാധമെന്നായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം. മുസ്ലിം ലീഗ് ഉള്ളിടത്തോളം കാലം ഇത് തീരാകളങ്കമായരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ ഉത്തരവാദിത്വം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ അസാന്നിധ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിയോട് എം.പി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ ലീഗ് ആവശ്യപ്പെടണമെന്നും ജലീല്‍ പറഞ്ഞു.

മുത്തലാഖ് ബില്‍ മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുന്‍പ് റഞ്ഞിരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും ഇതിനെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് ശക്തമായ ചെറുത്ത് നില്‍പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
DoolNews Video