| Saturday, 29th December 2018, 3:22 pm

ജിഫ്രിതങ്ങള്‍ക്ക് പിന്നാലെ സുപ്രഭാതവും; മുത്തലാഖ് ബില്ലില്‍ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് ഇ.കെ വിഭാഗം സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ അസാന്നിധ്യം മുസ്ലിം ലീഗിനകത്തും പുറത്തു ചര്‍ച്ചയാകുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലടക്കം അണികള്‍ ഉയര്‍ത്തുന്നത്. വിവാദം ഇടതു പക്ഷവും മുസ്‌ലിം ലീഗിനെതിരെ ആയുധമാക്കുന്നുണ്ട്.

എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ ആദ്യം രംഗത്തെത്തിയത് ഇ.കെ വിഭാഗം സമസ്തയായിരുന്നു. മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ കോഴിക്കോട്ട് നടന്ന സമസ്ത ഇകെ വിഭാഗത്തിന്റെ ശരിഅത് സമ്മേളനത്തിലായിരുന്നു അത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിയമങ്ങള്‍ വരുമ്പോള്‍ മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയും മുന്‍ഗാമികളെ പോലെയല്ല പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഇ.കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി പ്രസംഗിച്ചത്.

പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ നാവാകേണ്ടവരാണ് നിങ്ങളെന്നും മുസ്‌ലിം ലീഗിന്റെ പാരമ്പര്യം എന്തായിരുന്നുവെന്ന് ജനപ്രതിനിധികള്‍ മനസ്സിലാക്കണമെന്നും തങ്ങള്‍ അന്ന് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ജിഫ്രി തങ്ങള്‍ക്ക് മറുപടിയായും കുഞ്ഞാലിക്കുട്ടിയെ പ്രതിരോധിച്ചുമാണ് സമ്മേളനത്തില്‍ ലീഗ് നേതാവ് സാദിഖലി തങ്ങള്‍ പ്രസംഗിച്ചത്. “നമുക്ക് അഭിമാനമുണ്ട്. കേവലം രണ്ട് ജന പ്രതിനിധികള്‍ ഉണ്ടായിട്ടും മുത്തലാഖ് ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ പാസാക്കാതിരിക്കാന്‍ സാധിച്ച, അതിന് പരിശ്രമിച്ച ഒരു വ്യക്തിയാണ് നമ്മള്‍ തിരഞ്ഞെടുത്ത കുഞ്ഞാലിക്കുട്ടി സാഹിബ്.” എന്നായിരുന്നു സാദിഖലി തങ്ങള്‍ അന്ന് പറഞ്ഞത്.

എക്കാലത്തും ലീഗിനോട് ചേര്‍ന്നു നില്‍ക്കുന്ന സമസ്ത, ലീഗിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും പരസ്യമായി വിമര്‍ശിച്ചത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.

Read Also : മുത്തലാഖ് ബില്ലില്‍ കുടുങ്ങി കുഞ്ഞാലിക്കുട്ടി; വീഴ്ച്ച പറ്റിയെന്ന് സാദിഖലി തങ്ങളും

ഇപ്പോള്‍ വീണ്ടും മുത്തലാഖ് ബില്ലില്‍ പാര്‍ലമെന്റില്‍ എത്താത്തതിന്റെ പേരില്‍ വിവാദം കൊഴുക്കുമ്പോള്‍ ഇ.കെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചു കൊണ്ടാണ് വാര്‍ത്തകള്‍ നല്‍കുന്നത്. വിവാദം ഉയര്‍ന്നത് മുതല്‍ തന്നെ കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് വാര്‍ത്തകള്‍ നല്‍കിയത്.

കല്യാണമാണോ വലുത് മുത്തലാഖ് ബില്ലാണോ എന്ന് പരിഹാസത്തോടെസോഷ്യല്‍ മീഡിയയില്‍ അണികളടക്കം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുപ്രഭാതം പത്രം കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കിക്കൊണ്ടായിരുന്നു വാര്‍ത്തകള്‍ നല്‍കിയിരുന്നത്. “മുത്തലാഖ് ചര്‍ച്ചക്കു ഉവൈസി എത്തിയത് മകളുടെ കല്ല്യാണ പന്തലില്‍ നിന്നും” എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഹൈദരാബാദിലെ ക്ലാസിക് കണ്‍വന്‍ഷന്‍ ത്രീയില്‍ ഉവൈസിയുടെ മകളായ ഖുദ്സിയ ഉവൈസിയും ഹൈദരാബാദിലെ നവാബ് ഷാ ആലം ഖാന്റെ കൊച്ചുമകനായ നവാബ് ബറക്കത്ത് ആലം ഖാനും തമ്മിലുള്ള നികാഹിന്റെ അന്തിമ ഒരുക്കങ്ങള്‍ക്കിടയില്‍ നിന്നുമാണ് സമുദായത്തിന്റെ ശബ്ദമായി മാറാനും നിര്‍ണായകമായ മുത്തലാഖു ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും ലോകസഭയില്‍ ഉവൈസി എത്തിയതെന്നും സുപ്രഭാതത്തില്‍ പറയുന്നു.

Read Also : കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച്

മുത്തലാഖുമായി ബന്ധപ്പെട്ടുള്ള സമുദായത്തിന്റെ നിലപാടു യുക്തിഭദ്രമായി വ്യക്തമാക്കുന്നതും ബി.ജെ.പിയുടെ കുത്സിത താത്പര്യങ്ങള്‍ തുറന്നു കാട്ടുന്നതുമായിരുന്നു ആള്‍ ഇന്ത്യാ മജ്ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്റെ പ്രസിഡന്റായ അസദുദ്ദീന്‍ ഉവൈസി എം.പിയുടെ പ്രസംഗമെന്നും വാര്‍ത്തയില്‍ പറയുന്നു.

നിര്‍ണായകമായ ഒരു ബില്ലില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വീഴ്ച്ചയാണെന്ന് ഇ.കെ വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂരും പറഞ്ഞു.

അതേസമയം മുത്തലാഖ് ബില്ല് പാസാക്കുന്ന ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്ന കുഞ്ഞാലിക്കുട്ടി എം.പിയോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടിയിട്ടുണ്ട്. പാര്‍ലമെന്റില്‍ എത്താതിരുന്നതില്‍ കുഞ്ഞാലിക്കുട്ടി കാരണം വിശദീകരിക്കണമെന്നാണ് ആവശ്യം.

പാര്‍ട്ടിയില്‍ വിമര്‍ശനം ശക്തമായതോടെയാണ് നടപടി. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. വിട്ടുനില്‍ക്കാനുള്ള ന്യായങ്ങള്‍ വിശദീകരണത്തില്‍ ഇല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

നേരത്തെ കുഞ്ഞാലിക്കുട്ടിയെ സമസ്ത വേദിയില്‍ പ്രതിരോധിച്ച സാദിഖലി തങ്ങളും വിവാദത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം നല്‍കാന്‍ സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിമര്‍ശനവുമായി സാദിഖലി തങ്ങളും രംഗത്തെത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടായെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞത്. വിശദീകരണം തേടിയത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് ബില്‍ വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തള്ളി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് ദിവസം ലോക്‌സഭ ആകെ ബഹിഷ്‌കരിക്കുക എന്ന തീരുമാനം ഉണ്ടായിരുന്നില്ലെന്ന് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിന് എതിരെ വോട്ട് ചെയ്ത് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാനാണ് മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചത് എന്നും ഇ.ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതില്‍ അദ്ദേഹം തന്നെ വിശദീകരണം തന്നതാണെന്നും ഞാന്‍ അതില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.ടി മറുപടി പറഞ്ഞു.

ബില്‍ രണ്ടാംവട്ടം ലോക്സഭയില്‍ വരുമ്പോള്‍ ചര്‍ച്ചയ്ക്കു ശേഷം ബഹിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ചിലകക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പെട്ടന്ന് തീരുമാനിച്ചപ്പോള്‍ ലീഗും പ്രതിഷേധവോട്ടിന് അനുകൂലമായി ചിന്തിച്ചുവെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

We use cookies to give you the best possible experience. Learn more