| Saturday, 29th December 2018, 1:15 pm

മുത്തലാഖ് ബില്ലില്‍ കുടുങ്ങി കുഞ്ഞാലിക്കുട്ടി; വീഴ്ച്ച പറ്റിയെന്ന് സാദിഖലി തങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുത്തലാഖ് നിരോധന ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി എത്താത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം മുസ്‌ലിം ലീഗില്‍ പുകയുന്നു. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം നല്‍കാന്‍ സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി സാദിഖലി തങ്ങളും രംഗത്തെത്തി.

കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടായെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിശദീകരണം തേടിയത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ അതൃപ്തി; കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി ഹൈദരലി തങ്ങള്‍

നേരത്തെ മുത്തലാഖ് ബില്‍ വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തള്ളി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്തെത്തയിരുന്നു. വോട്ടെടുപ്പ് ദിവസം ലോക്സഭ ആകെ ബഹിഷ്‌കരിക്കുക എന്ന തീരുമാനം ഉണ്ടായിരുന്നില്ലെന്ന് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിന് എതിരെ വോട്ട് ചെയ്ത് ശകതമായ വിയോജിപ്പ് പ്രകടിപ്പിക്കാനാണ് മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചത് എന്നും ഇ.ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതില്‍ അദ്ദേഹം തന്നെ വിശദീകരണം തന്നതാണെന്നും ഞാന്‍ അതില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.ടി മറുപടി പറഞ്ഞു.

ബില്‍ രണ്ടാംവട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചയ്ക്കു ശേഷം ബഹിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ചിലകക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പെട്ടന്ന് തീരുമാനിച്ചപ്പോള്‍ ലീഗും പ്രതിഷേധവോട്ടിന് അനുകൂലമായി ചിന്തിച്ചുവെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

We use cookies to give you the best possible experience. Learn more