| Sunday, 10th March 2019, 8:04 am

കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ എനിക്ക് കഴിയാത്തത് എന്റെ മകന്‍ സാനു സാധിക്കും; വി.പി സക്കറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ട തനിക്ക് കഴിയാതിരുന്നത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ മകന് സാധിക്കുമെന്ന് മലപ്പുറം സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വി.പി സാനുവിന്റെ പിതാവ് വി.പി സക്കരിയ. മലപ്പുറത്ത് തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വി.പി സാനു ഏറ്റു മുട്ടുന്നത് കുഞ്ഞാലിക്കുട്ടിയോടാണ്.

1991ല്‍ തന്റെ 34-ാം വയസ്സില്‍ കുറ്റിപ്പുറം നിയസഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ വി.പി സക്കരിയ കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടത് 22536 വോട്ടുകള്‍ക്കാണ്. തനിക്ക് അന്ന് കഴിയാതിരുന്നത് തന്റെ മകന്‍ സാധിക്കുമെന്നായിരുന്നു വി.പി സാനുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് ശേഷം മാധ്യമങ്ങളോടുള്ള സക്കരിയുടെ പ്രതികരണം.

Also Read മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ വി.പി സാനു; പൊന്നാനിയില്‍ പി.വി അന്‍വര്‍: ഇടത് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത്

താന്‍ മത്സരിച്ചപ്പോഴും, തന്റെ മകന്‍ മത്സരിക്കുമ്പോഴും മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി തന്നെയാണെന്നും ഇത് മുസ്‌ലിം ലീഗിന്റെ അപചയമാണെന്നും സക്കരിയ പറയുന്നു. ഇനി സാനുവിന്റെ മകന്‍ മത്സരിച്ചാലും മുസ്‌ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ മാത്രമേ മത്സരിപ്പിക്കൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പരിഹസിച്ചു.

മലപ്പുറത്ത് തന്റെ പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ കാവ്യ നീതിയാണെന്നായിരുന്നു വി.പി സാനുവിന്റെ പ്രതികരണം.

കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുമ്പോള്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു സക്കരിയ. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന വി.പി സാനു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നു വന്നത്.

ചിത്രത്തിന് കടപ്പാട്: മാധ്യമം

We use cookies to give you the best possible experience. Learn more