മലപ്പുറം: അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മുമായി ഒരു ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. ഹൈദരാബാദില്‍ ഉവൈസിയുടെ പാര്‍ട്ടിയെ ലീഗ് പിന്തുണയ്ക്കുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.പി.എയ്ക്കകത്തല്ലാതെ ആരുമായും സഹകരണത്തിന് തീരുമാനിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉവൈസി പലയിടത്തും ബി.ജെ.പിക്ക് സഹായകരമാകുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മുസ്‌ലിം ലീഗ് വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെ പിന്തുണയ്ക്കുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് ഇടതുപക്ഷത്തിന് നേരത്തെ അറിയാമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സോളാര്‍ ഇടതുപക്ഷത്തിന് തന്നെ ബൂമറാങ് ആവുമെന്നും അവര്‍ക്ക് പൊള്ളിയപ്പോഴാണ് അത് താഴെയിട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫിന്റെ മികച്ച ഭരണത്തിന് മേല്‍ പുകമറ സൃഷ്ടിക്കാനായിരുന്നു സോളാര്‍ കേസ് കൊണ്ട് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക