തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക സമുദായത്തിന്റെ സംവരണത്തെ ബാധിക്കാതെ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കാവൂ എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.
നിലവിൽ സർക്കാർ നിശ്ചയിച്ച രീതി അനുസരിച്ച് ഭിന്നശേഷി സംവരണം നടപ്പാക്കിയാൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയുമെന്നും ഇത് വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നും നിയമസഭയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാൽ ഭിന്നശേഷി സംവരണം നിലവിലുള്ള സാമുദായിക സംവരണത്തെ ഒരു നിലക്കും ബാധിക്കില്ലെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
നിലവിലുള്ള സംവരണ വിഭാഗത്തിന് നഷ്ടമുണ്ടാകാത്ത രീതിയിൽ ഔട്ട് ഓഫ് ടേൺ ആയാണ് ഭിന്നശേഷി വിഭാഗത്തിന് നാല് ശതമാനം സംവരണം നൽകാൻ പി.എസ്.സി ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒരു പ്രത്യേക വിഭാഗത്തിന് സംവരണം നഷ്ടമുണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിന്റെ തോത് കുറയുമെന്ന് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നവ കേരള സദസ്സിൽ പറഞ്ഞിരുന്നു.
പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരുമെന്നും അതുവഴി ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടുമെന്നും മുഖ്യമന്ത്രി അന്ന് അറിയിച്ചിരുന്നു.
Content Highlight: Kunjalikkutty says Differently abled reservation reduces Muslim reservation; Won;t affect current reservation says R. Bindhu