തിരുവനന്തപുരം: മുത്തലാഖ് ബില്‍ വര്‍ഗീയ ബില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബില്‍ പരാജയപ്പെടുത്താന്‍ ഐ.യു.എം.എല്‍ മുന്‍കൈയെടുക്കും. ഇതിനായി യു.പി.എയ്ക്ക് പുറത്തുള്ള പാര്‍ട്ടികളുടെയും സഹായം തേടുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ബി.ജെ.പി മുത്തലാഖ് ബില്ലുമായി വന്നത്. രാജ്യസഭയില്‍ മുത്തലാഖ് ബില്ലിനെ പരാജയപ്പെടുത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.
ഇന്നാണ് മുത്തലാഖ് ബില്‍ രാജ്യസഭ പരിഗണിക്കുന്നത്. സഭയില്‍ ഭരണകക്ഷിക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ലിനെ പരാജയപ്പെടുത്താനുറച്ചാവും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം രംഗത്തിറങ്ങുക. തങ്ങളുടെ എം.പിമാരെല്ലാം ഇന്ന് സഭയിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. മറ്റു കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ തികയ്ക്കാന്‍ ബി.ജെ.പിയും നീക്കം നടത്തുന്നുണ്ട്.
Also read:കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തിയത് പകുതിയില്‍ താഴെ ദിവസം
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പരിഗണിക്കുന്ന വേളയില്‍ പി.കെ കുഞ്ഞാലിക്കുട്ടി സഭയിലെത്താതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സഭയില്‍ എത്താതെ ഒരു വ്യവസായിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വിമര്‍ശനങ്ങളെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ലീഗ് വിശദീകരണം തേടിയിരുന്നു.
തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലീഗിന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹത്തിനെതിരെ തുടര്‍ നടപടി ആവശ്യമില്ലെന്നും പാര്‍ട്ടി ദേശീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു.