| Tuesday, 4th December 2012, 12:50 am

' കേരളത്തില്‍ വ്യവസായം മുന്നോട്ട് പോകുന്നത് വ്യവസായികളുടെ ചങ്കൂറ്റം കൊണ്ട് '

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ വ്യവസായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കുറച്ച് പ്രയാസമൊന്നും അനുഭവിച്ചാല്‍ പോരെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. വ്യവസായികളുടെ ചങ്കൂറ്റം ഒന്നുകൊണ്ട് മാത്രമാണ് കേരളത്തില്‍ വ്യവസായങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.[]

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, കൂടിയ ജനസാന്ദ്രത എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യവസായങ്ങള്‍ ഉണ്ടാകുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. രാസവ്യവസായങ്ങളാകുമ്പോള്‍ മലിനീകരണ പ്രശ്‌നങ്ങള്‍ കൂടി അഭിമുഖീകരിക്കേണ്ടി വരും

മലിനീകരണത്തിന്റെ തോത് അനുവദിനീയമായ പരിധിയില്‍ നിര്‍ത്തിക്കൊണ്ട് പോകാന്‍ ഗവേഷണങ്ങളും പരിശ്രമങ്ങളും ആവശ്യമായി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എടയാറിലെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂറ്റല്‍സ് ലിമിറ്റഡ് രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട് സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കഴിഞ്ഞ ദിവസം ദുബായില്‍ നടത്തിയ ചര്‍ച്ചയില്‍ ടീകോം അധികൃതര്‍ ഉറപ്പ് നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തിന് വേഗം പോരെന്നാണ് കേരളത്തിലെ സര്‍ക്കാരിന്റെ അഭിപ്രായമെന്നും ഇക്കാര്യം ടീകോം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിന് ടീകോമിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോമിനുള്ള ഷെയര്‍ 75 കോടിയാക്കി അവര്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തി വേഗത്തിലാക്കും.

സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒറ്റ സെസ്സ് നല്‍കാമെന്ന് ടീകോമിന് ഉറപ്പ് നല്‍കിയിട്ടില്ല. സെസ്സ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പദ്ധതിക്ക് തടസ്സമാകില്ല. മാസ്റ്റര്‍ പ്ലാനില്‍ വേണ്ട മാറ്റം വരുത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. അതിനാല്‍ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചും പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ല.

എമേര്‍ജിങ് കേരളയ്ക്ക് ശേഷം കേരളത്തിലെ ഐ.ടി രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തേക്ക് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ കൂടുതലായി വരുന്നുണ്ട്. യുവാക്കളായ സംരംഭകരാണ് നാളത്തെ വന്‍കിട വ്യവസായികളായി മാറുന്നത്. ഇവര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സ്റ്റാര്‍ട്ട് അപ്പ് പോളിസിക്ക് സര്‍ക്കാര്‍ രൂപം നല്‍കും.

അടുത്ത ഏപ്രിലോടെ സംസ്ഥാനത്തെ ജില്ലകളെ ഇ ഡിസ്ട്രിക്ടുകളാക്കുമെന്നും മന്ത്രി പറഞ്ഞു

We use cookies to give you the best possible experience. Learn more