മലപ്പുറം: ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി.
പിന്നാക്കാവസ്ഥ പരിഗണിച്ച് ഒരു പ്രത്യേക ജനവിഭാഗത്തിന് നല്‍കി വരുന്ന ആനുകൂല്യം കേരള സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ തന്നെ തള്ളിക്കളഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. പക്ഷെ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഈ ആനുകൂല്യം എല്ലാ സംസ്ഥാനങ്ങളിലും കൊടുക്കുമ്പോഴും കേരളത്തില്‍ മാത്രം അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തോടുകൂടി പിന്നോക്കാവസ്ഥ പരിഗണിച്ച് ഒരു പ്രത്യേക ജന വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യം സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം മറ്റെല്ലാ സംസ്ഥാനങ്ങളിലും കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം കേരള സര്‍ക്കാര്‍ ഇല്ലാതാക്കി.
മറ്റു ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷം എന്ന നിലയില്‍ ഒരു ആനുകൂല്യം കൊടുക്കണം എന്നുണ്ടെങ്കില്‍ കൊടുക്കാം. അതിനെ ആരും തന്നെ എതിര് പറഞ്ഞിട്ടില്ല. അത് കൊടുക്കേണ്ടതാണ്. അതിന് ബജറ്റ് വിഹിതം വെച്ച് ഒരു സ്‌കീം ഉണ്ടാക്കി ഇപ്പോള്‍ കൊടുത്ത പോലെ തന്നെ കൊടുക്കാം. പക്ഷെ സച്ചാര്‍ ശുപാര്‍ശ പ്രകാരം, അതായത് പിന്നോക്കാവസ്ഥ പരിഗണിച്ച് മുസ്‌ലിം വിഭാഗത്തിന് കൊടുക്കേണ്ട ആനുകൂല്യം അത് കൊടുക്കാത്ത തീരുമാനമാണിപ്പോള്‍. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ തന്നെ ഈ സര്‍ക്കാര്‍ ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. പിന്നാക്കാവസ്ഥ എന്ന മാനദണ്ഡം തന്നെ പോയിരിക്കുകയാണ്.
വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ഒരു ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ്. അത് വേറെ പ്രഖ്യാപിക്കേണ്ടതാണ്. അതിന് ആരും എതിരല്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പിന്നാക്കാവസ്ഥ പരിഗണിച്ച് ഒരു വിഭാഗത്തിനാണ് അത് കൊടുക്കേണ്ടത്. അതിപ്പോള്‍ ഇല്ലാതായിരിക്കുന്നു.
കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച കാലത്ത് സച്ചാര്‍ കമ്മിറ്റിയെ വെച്ച് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലൊക്കെയുള്ള പിന്നാക്കാവസ്ഥ പരിഗണിച്ച്, ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തിന് നല്‍കിയ ആനുകൂല്യം, അത് പിന്നെ പാലൊളിയെ വെച്ച് ‘ഞങ്ങള്‍ അത് നടപ്പാക്കി’ എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന ആ അവകാശം ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുന്നു.
വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. പക്ഷെ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.
ഇന്ത്യയില്‍ എല്ലായിടത്തും കൊടുത്തുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യം അത് ശരിയാണോ തെറ്റാണോ എന്ന് ചര്‍ച്ച ചെയ്യിപ്പിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. അത്തരമൊരു ചര്‍ച്ച തന്നെ ആരോഗ്യകരമല്ല.
സച്ചാര്‍ കമ്മിറ്റി മുസ്‌ലിം വിഭാഗത്തിനാണ് എന്നുള്ളത് മറ്റു ജനവിഭാഗങ്ങള്‍ പോലും അംഗീകരിക്കുന്നതാണ്. പിന്നെ അത് വീതം വെച്ച്, ഏറെയാണോ കുറവാണോ, കൊടുത്തത് ശരിയാണോ തെറ്റാണോ എന്നൊക്കെയുള്ള ചര്‍ച്ച തന്നെ കേരള സര്‍ക്കാര്‍ മനപൂര്‍വ്വം ഉണ്ടാക്കുന്നതാണ്. ആരോഗ്യകരമല്ലാത്ത ഒരു ചര്‍ച്ച ഉണ്ടാക്കുകയാണ്. ആനുകൂല്യം നഷ്ടപ്പെട്ടു എന്ന വികാരമാണ് നാളെ മുതല്‍ ഒരു വിഭാഗത്തിന് ഉണ്ടാവാന്‍ പോകുന്നത്. ജനവിഭാഗങ്ങളെ കരുതിക്കൂട്ടി തമ്മിലടിപ്പിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നത്,’ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 ആനുകൂല്യം പുനക്രമീകരിക്കുന്നതിനായി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. 80:20
ആനുപാതം ഹൈക്കോടതി റദ്ദാക്കിയതിനാലാണ് സര്‍ക്കാര്‍ നടപടി. 2011ലെ സെന്‍സസ് അനുസരിച്ചാവും പുതിയ അനുപാതം.
അതേസമയം നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പിന് 6.2 കോടി അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് കഴിഞ്ഞ മെയ് 28ന് റാദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.
ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് അനുസൃതമായ മാറ്റത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kunjalikkutty against changing the ratio of 80:20 Minority scholarship