തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ ജനങ്ങള്‍ക്കിടയിലെ ആളെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അദ്ദേഹവുമായി രാഷ്ട്രീയബന്ധം മാത്രമല്ല, സ്‌നേഹബന്ധവുമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോട് ഏത് സങ്കടം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
‘ഉമ്മന്‍ ചാണ്ടിക്ക് പ്രത്യേകം വിശേഷണത്തിന്റെ ആവശ്യമില്ല. ജനങ്ങളുടെയിടയില്‍ കഴിയുന്ന, അവരുടെ ആളെയാണ് ഇന്ന് നഷ്ടമായിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയോടൊത്തുള്ള ഒരുപാട് ഓര്‍മകളുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തും മന്ത്രിസഭയിലും ഇരുന്ന് ദീര്‍ഘകാലം അദ്ദേഹം കാര്യങ്ങള്‍ നിര്‍വഹിച്ചു.
ഉമ്മന്‍ചാണ്ടി വളരെ ആത്മാര്‍ത്ഥയുള്ളയാളാണ്. വളരെ നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനുമായ സുഹൃത്തുമാണ്. ഇത് രണ്ടും കൂടിയുള്ള ഒരാളുമായി ജോലി ചെയ്യുമ്പോഴുള്ള പ്രത്യേകതയാണ് ഇദ്ദേഹവുമായി കൂടിച്ചേര്‍ന്നുള്ള കാലഘട്ടത്തില്‍ നമുക്ക് ഓര്‍ത്തെടുക്കാനുള്ളത്.
കേവലം രാഷ്ട്രീയ ബന്ധമല്ല, അതിനപ്പുറമുള്ള സ്‌നേഹ ബന്ധമാണ് അദ്ദേഹവുമായുള്ളത്. അതിന്റെ പുറത്താണ് രാഷ്ട്രീയം പടുത്തുയര്‍ത്തുന്നത്. എന്തും സംസാരിക്കാനുള്ള സങ്കടം പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹവുമായിട്ടുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിലൊരുവനായിരുന്നു. ആ ആള്‍ക്കൂട്ടത്തില്‍ ഏറ്റവും ചെറിയ മനുഷ്യന്‍ താനെന്ന ചിന്തയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
ഒരു ചെവിയെപ്പോഴും അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മാറ്റിവെച്ചിരിക്കും. അതിനുള്ള ക്ഷമ അദ്ദേഹത്തിന്റെ മാത്രം സിദ്ധിയാണ്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ന് പുലര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചത്. പുലര്‍ച്ചെ 4.25ന് ബെംഗളൂരുവില്‍ വെച്ചായിരുന്നു മരണം. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
ഹെലികോപ്ടര്‍ മാര്‍ഗം മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും.
അതേസമയം ഇന്ന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
content highlights: Kunjalikutty about omman chandy