കൊച്ചി: താരസസംഘടനയായ അമ്മ ഉടച്ച് വാർക്കണമെന്ന് മുൻ എക്സിക്യൂട്ടീവ് അംഗമായ നടൻ കുഞ്ചാക്കോ ബോബൻ. സ്ത്രീത്വത്തിന്റെ മാന്യതയും അഭിമാനവും കാത്ത് സൂക്ഷിക്കുന്ന പ്രവർത്തനങ്ങൾ അമ്മക്ക് അകത്തും പുറത്തും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ രൂപത്തിലും ഭാവത്തിലും മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന തരത്തിൽ അമ്മ തിരിച്ച് വരണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ആരോപണവിധേയർ മാറി നിൽക്കുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. അമൽനീരദിന്റെ സംവിധാനത്തിൽ ഇറങ്ങാനിരിക്കുന്ന ബോഗെൻവില്ല എന്ന ചലച്ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മ എന്നൊരു പേരിൽ ആണ് ആ സംഘടനാ അറിയപ്പെടുന്നത്. അത് ആ രീതിയിൽ തന്നെ സ്ത്രീത്വത്തിന്റെ മാന്യതയും അഭിമാനവും കാത്ത് സൂക്ഷിക്കുന്ന തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ സംഘടനയുടെ അകത്തും പുറത്തും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതുവരെ അങ്ങനെയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ഒരു പരിധി വരെ ഞാൻ വിശ്വസിക്കുന്നതും.
ആരോപണങ്ങൾ നേരിട്ടവർ മാറി നിൽക്കുന്നത് സ്വാഗതാർഹമാണ്. ഏറ്റവും അടുത്ത സമയം തന്നെ അമ്മ എന്ന സംഘടന ഉടച്ച് വാർത്ത് പുതിയ രൂപത്തിലും ഭാവത്തിലും, മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന തരത്തിൽ ശക്തമായി തിരിച്ച് വരണമെന്ന് തന്നെയാണ് ഒരു അംഗമെന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
നടന്മാർക്കെതിരെയുള്ള ആരോപണങ്ങളിൽ സത്യാവസ്ഥ അറിയണമെന്നും ആരോപണം സത്യമാണെങ്കിൽ കർശനമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലതരത്തിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്. പലതും യാഥാർത്ഥ്യം ആവണമെന്നില്ല എന്നാൽ യഥാർത്ഥ ആരോപണങ്ങൾ പരിഗണിക്കപ്പെടുക തന്നെ വേണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അതോടൊപ്പം റേറ്റിങ്ങിന് വേണ്ടി പല മാധ്യമങ്ങളും യാഥാർത്ഥ്യം അറിയുന്നതിന് മുന്നേ തന്നെ ഇത്തരം ആരോപണങ്ങളെ പെരുപ്പിച്ച് കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: kunjakkoboban demanded that the amma should have activities inside and outside that preserve the dignity and pride of womanhood.