കൊച്ചി: സംവിധായകന്‍ കമലിനോട് രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലയന്‍സിയറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ നടന്‍ കുഞ്ചാക്കോ ബോബന്‍ സംഘി ആക്രമണത്തെ തുടര്‍ന്ന് പോസ്റ്റ് മുക്കി.
അലന്‍സിയറിന്റെ ചിത്രത്തിനൊപ്പം “മിസ്റ്റര്‍ അലന്‍സിയര്‍ നിങ്ങളാണ് ഇന്ത്യന്‍” എന്ന കുറിപ്പോടെ ഇട്ട പോസ്റ്റാണ് കുഞ്ചാക്കോ ബോബന്‍ പിന്‍വലിച്ചത്.
തുടര്‍ന്ന് അല്പം മയപ്പെടുത്തിയ പോസ്റ്റുമായി വീണ്ടും രംഗത്തെത്തിയ ചാക്കോച്ചനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തി.
“എന്നെ സംബന്ധിച്ച് സുരേഷ്, കമല്‍, അലന്‍ എല്ലാവരും ഇന്ത്യക്കാരാണ്… ജനഗണമന ഒരു വികാരമാണ്. എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമാണ്.” എന്നായിരുന്നു ചാക്കോച്ചന്റെ കുറിപ്പ്.
സംഘികളുടെ എതിര്‍പ്പ് ഭയന്ന് ആദ്യ പോസ്റ്റ് പിന്‍വലിച്ച കുഞ്ചാക്കോ ബോബന്റെ രണ്ടാമത്തെ പോസ്റ്റിനു താഴെ വിമര്‍ശനവുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി.
“പറഞ്ഞതില്‍ നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെയതിനു ഇറങ്ങി പുറപ്പെടരുത്. ഭീരുക്കള്‍ പലകുറി മരിക്കുന്നു. ധീരര്‍ക്ക് മരണം ഒരിക്കല്‍ മാത്രം” എന്നാണ് കുഞ്ചാക്കോബോബനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്.
“നിലപാടുകള്‍ ആര്‍ജ്ജവത്തോടെ തന്നെ പറയണം ചാക്കോച്ചാ.. പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും വേണം. അങ്ങിനെയല്ലെങ്കിലാണ് നിങ്ങളെയൊക്കെ “ഈയ്യം പൂശിയ തകരപ്പാട്ടകളായി” കാണേണ്ടി വരുന്നത്.”
“മനസ്സിന്റെ ഉള്ളില്‍ നിന്നുള്ള വികാരത്തെ ചാക്കോച്ചന്‍ നേരത്തെ അറിയിച്ചു കഴിഞ്ഞു. താങ്കളുടെ യഥാര്‍ത്ഥ വികാരത്തെ പൊതു ജനം മനസ്സിലാക്കി. പിന്നീടുള്ളത് താങ്കളുടെ ഭയത്തില്‍ നിന്നുള്ളതാണെന്നും..
താങ്കളോട് സ്‌നേഹവും സഹതാപവും മാത്രം….”
“രണ്ടാമത് ഇങ്ങനെയൊരു ബാലന്‍സിങ് പോസ്റ്റിന്റെ ആവശ്യമേ ഇല്ലായിരുന്നു. നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത് മിസ്റ്റര്‍. നിങ്ങളുടെയൊക്കെ ഭയപ്പാടും,പിന്‍വലിയലും തന്നെയാണ് ഛിദ്രശക്തികളുടെ ഇന്ധനം.” എന്നിങ്ങനെ ഒട്ടേറെ വിമര്‍ശനങ്ങളാണ് ചാക്കോച്ചന്റെ പോസ്റ്റിനു താഴെ വരുന്നത്.
പോസ്റ്റ് മയപ്പെടുത്തി തിരിച്ചെത്തിയപ്പോള്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ