മലയാള സിനിമയില്‍ ഗെറ്റപ്പ് മാറ്റി പ്രത്യക്ഷപ്പെടുന്നതിന്റെ കാര്യത്തില്‍ ദിലീപിനോട് മത്സരിക്കാന്‍ ഇതുവരെ ഒരു നടനും രംഗത്തെത്തിയിട്ടില്ല. എന്നാലിപ്പോള്‍ ദിലീപിനോട് മത്സരിക്കാന്‍ തയ്യാറായെത്തിയ മട്ടിലാണ് ചാക്കോച്ചന്‍ മുന്നോട്ടു പോകുന്നത്.
ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന“ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം” എന്ന ചിത്രത്തില്‍ മൂന്ന് ഗറ്റപ്പുകളില്‍ കുഞ്ചാക്കോബോബന്‍ എത്തുന്നത് വാര്‍ത്തയായിരുന്നു. ഇതിലെ സ്വാമിയായി സന്തോഷ് മാധവന്‍ സ്‌റ്റൈലില്‍ ചാക്കോച്ചന്‍ മേക്കപ്പിട്ട ചിത്രങ്ങളും പുറത്തായിരുന്നു. ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ പുതിയ ചിത്രമായ പോപ്പിന്‍സിലൂടെ വീണ്ടും വേഷപ്പകര്‍ച്ചയ്ക്ക് തയ്യാറായിരിക്കുകയാണ് ചാക്കോച്ചന്‍.
പോപ്പിന്‍സില്‍ മേജര്‍ പ്രതാപ് സിങ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. പ്രത്യേക രീതിയില്‍ ചീകിയൊതുക്കിയ മുടിയും പ്രേംനസീറിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള വരമീശയുമൊക്കെയായാണ് മേജര്‍ പ്രതാപ് സിങ് പ്രത്യക്ഷപ്പെടുന്നത്. ചോക്ലേറ്റ് മുഖഭാവത്തില്‍ കണ്ട ചാക്കോച്ചനെ ഈ വേഷത്തില്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ജയപ്രകാശ് കൂളൂരിന്റെ നാടകത്തെ ആസ്പദമാക്കിയാണ് പോപ്പിന്‍സ് ഒരുക്കുന്നത്. സ്ത്രീ പുരുഷ ബന്ധങ്ങളുടെ വൈകാരിക തലത്തെകുറിച്ചാണ് പോപ്പിന്‍സ് കഥ പറയുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോബോബന്റെ നായികയായി നിത്യാ മേനോന്‍ പ്രത്യക്ഷപ്പെടും. അനൂപ് മേനോന്‍, ആന്‍ അഗസ്റ്റിന്‍, ജയസൂര്യ, മേഘ്‌ന രാജ്, ഇന്ദ്രജിത്ത, പത്മപ്രിയ എന്നിവരും ചിത്രത്തിലുണ്ട്.
വി.കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ “ട്രിവാന്‍ഡ്രം ലോഡ്ജ്” എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍. ഈ ചിത്രം പൂര്‍ത്തിയായാലുടന്‍ പോപ്പിന്‍സിന്റെ പണി തുടങ്ങാനാണ് തീരുമാനം. ബാംഗ്ലൂരും തിരുവനന്തപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.