ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മകന്റെ അച്ഛന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ആള്‍ദൈവങ്ങള്‍ എന്ന വിഷയങ്ങള്‍ മലയാള സിനിമ കൈകാര്യം ചെയ്തിരുന്നു. മകന്റെ അച്ഛന്‍ കുറേക്കാര്യങ്ങള്‍ പറയുന്നതിനിടെ ആള്‍ദൈവങ്ങള്‍ എന്ന രീതിയിലായിരുന്നെങ്കില്‍ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ഊന്നല്‍ നല്‍കിയതുതന്നെ ഈ വിഷയത്തിനായിരുന്നു. ഇപ്പോഴിതാ ആള്‍ദൈവങ്ങളുടെ കഥയുമായി മറ്റൊരു ചിത്രം കൂടി.
ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതില്‍ സ്വാമിയാവുന്നതാകട്ടെ കുഞ്ചാക്കോ ബോബനും. മുടിയും താടിയുമൊക്കെ വളര്‍ത്തി രുദ്രാക്ഷമാലയും ധരിച്ച് അസ്സല്‍ സ്വാമി ലുക്കില്‍ തന്നെയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
പൂര്‍ണാനന്ദസ്വാമിയെ എല്ലാവരും ആരാധിക്കുന്നു. അഭയംതേടി എത്തുന്ന ആര്‍ക്കും മനഃശാന്തി നല്‍കും. സ്വാമിയുടെ അത്ഭുത ലീലകളില്‍ വീഴാത്തവര്‍ കുറവാണ്. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെ സ്വാമിയുടെ ശിഷ്യഗണത്തിലുണ്ട്. നാള്‍ക്കുനാള്‍ സ്വാമിയുടെ പ്രശസ്തി വര്‍ധിച്ചുവന്നു. ഒരു സുപ്രഭാതത്തില്‍ പൂര്‍ണാനന്ദയെക്കുറിച്ച്, ജനങ്ങളെ ഞെട്ടിക്കുന്ന വാര്‍ത്ത പരക്കുന്നു. ഇതാണ് ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനത്തിന്റെ കഥ മുന്നോട്ടുകൊണ്ടുപോകുന്നത്.
മനുഷ്യദൈവങ്ങളുടെ പിന്നാമ്പുറ കഥകള്‍ പറയുന്ന ചിത്രത്തില്‍ അനുമോള്‍, ജ്യോതി കൃഷ്ണ എന്നിവരാണ് നായികമാര്‍. തിലകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, കൊച്ചുപ്രേമന്‍, മാള അരവിന്ദന്‍, സുധീര്‍ കരമന , രാജീവ് പിള്ള, ദിനേശ്, തൗഫീക് കലാലയം, മാസ്റ്റര്‍ സിനാന്‍ സലിം, കലാരഞ്ജിനി, ലക്ഷ്മിപ്രിയ, ശ്രീദേവി, ബേബി സനാ സലിം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുരാജ് വെഞ്ഞാറമ്മൂട് ഇരട്ടവേഷത്തിലെത്തുന്നു എന്ന പ്രാധാന്യം കൂടിയുണ്ട് ഈ ചിത്രത്തിന്.
“ബോംബെ മാര്‍ച്ച് 12” എന്ന ചിത്രത്തിനുശേഷം ബാബു ജനാര്‍ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗ്രീന്‍ അഡൈ്വര്‍ടൈസിംങിന്റെ ബാനറില്‍ പി.ടി സലിമാണ് ചിത്രം നിര്‍മിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രന്‍, റഫീക് അഹമ്മദ്, ഫ്രാന്‍സിസ് താന്നിക്കല്‍, പ്രദീപ് എന്നിവരുടെ വരികള്‍ക്ക് അഫ്‌സല്‍ യുസഫ് ഈണം പകരും. തൃശൂരാണ് പ്രധാന ലൊക്കേഷന്‍.