മലയാള സിനിമ ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്. ബോബി – സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രം അവയവ ദാനത്തെ കുറിച്ച് സംസാരിച്ച ഒരു റോഡ് മൂവിയായിരുന്നു.
ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ തുടക്കം മുതൽ അവസാനം വരെ ഡ്രൈവിങ് ചെയ്യുന്ന വേഷമായിരുന്നു ശ്രീനിവാസൻ ചെയ്തത്.
എന്നാൽ റിയൽ ലൈഫിൽ ഡ്രൈവിങ് അറിയാത്ത ആളാണ് ശ്രീനിവാസനെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ആദ്യത്തെ ഷോട്ട് എടുക്കുമ്പോഴാണ് താനും ആസിഫ് അലിയും അതറിയുന്നതെന്നും എന്നാൽ ശ്രീനിവാസൻ കൂളായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.
‘സിനിമയിൽ പലപ്പോഴും വണ്ടിയോടിക്കാൻ അറിയാത്ത ആളുകളുടെ കൂടെ എനിക്കിരിക്കേണ്ടി വരാറുണ്ട്. നിറം സിനിമ എനിക്ക് അത്തരത്തിൽ ഒരു റിഹേഴ്സൽ ആയിരുന്നു. പക്ഷെ ശരിക്കുമുള്ള സംഭവം വന്നത് ട്രാഫിക്കിൽ അഭിനയിക്കുമ്പോഴാണ്.
അതിൽ ജീപ്പ് 100, 120ൽ ഓടിക്കേണ്ടത് ശ്രീനിയേട്ടൻ ആണല്ലോ. എന്നാൽ പുള്ളിക്ക് ഡ്രൈവിങേ അറിയില്ല. ഫസ്റ്റ് ഷോട്ട് എടുക്കുമ്പോൾ ഞാൻ പുറകിലും ആസിഫ് സൈഡിലും ഇരിക്കുകയാണ്. ഫസ്റ്റ് ഷോട്ട് എടുക്കുന്നതിന് മുമ്പ് ഞങ്ങൾ ഇങ്ങനെ തമാശയൊക്കെ പറഞ്ഞിരിക്കുകയാണ്.
ഞാൻ വെറുതെ തമാശക്ക് ശ്രീനിയേട്ടനോട് ചോദിച്ചു, ശ്രീനിയേട്ട ഡ്രൈവിങ്ങൊക്കെ അറിയില്ലേയെന്ന്. ഉടനെ ശ്രീനിയേട്ടൻ ഇല്ലായെന്ന് പറഞ്ഞു. ഞങ്ങൾ ചുമ്മാ പറയുകയല്ലേയെന്ന് ചോദിച്ചപ്പോൾ, സത്യമായിട്ടും എനിക്കറിയില്ലായെന്ന് അദ്ദേഹം പറഞ്ഞു.
അത് കേട്ട് ഞാനും ആസിഫും നെഞ്ചത്ത് കൈ വെച്ചുപോയി. കാരണം ഈ മനുഷ്യന്റെ കൂടെയാണ് ഇനിയുള്ള ദിവസമൊക്കെ ഞങ്ങളും നൂറ് നൂറ്റിപത്തിൽ പോവേണ്ടത്.
പേടിയില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞു, ഞാൻ എന്തിന് പേടിക്കണം നിങ്ങൾ അല്ലേ പേടിക്കേണ്ടതെന്ന്. ആസിഫ് ഗിയർ ന്യൂട്രലിലോട്ട് മാറ്റും, ഞാൻ പിന്നിൽ നിന്ന് ചാടി ഹാൻഡ് ബ്രേക്ക് ഇടും. അങ്ങനെയാണ് അതൊക്കെ ഷൂട്ട് ചെയ്തത്.
Content Highlight: Kunjacko Boban Talk About Traffic Movie Shooting Experience With Sreenivasan