| Thursday, 13th June 2019, 4:52 pm

കഷ്ടപ്പെട്ട് ഫുള്‍ ഡയലോഗ് പറഞ്ഞുകഴിയുമ്പോള്‍ ഈ 'അലവലാതി' ഉണ്ടല്ലോ...; ടോവിനോയുമൊത്തുള്ള വൈറസ് സെറ്റിലെ തമാശ പങ്കുവെച്ച് ചാക്കോച്ചന്‍ 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ചതാക്കാന്‍ ഓരോ അഭിനേതാക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തില്‍ ഡോക്ടര്‍ സുരേഷ് രാജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ഷൂട്ടിങ്ങിനിടെ താന്‍ ഏറ്റവും കഷ്ടപ്പെട്ടത് ഡയലോഗ് പഠിക്കാനായിരുന്നുവെന്നാണ് ചാക്കോച്ചന്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കാരവനിലും സെറ്റിലുമിരുന്ന് കഷ്ടപ്പെട്ട് ഡയലോഗുകള്‍ പഠിച്ച് അത് പറയുമ്പോള്‍ ഒരൊറ്റ മൂളലില്‍ ആ സീന്‍ അവസാനിപ്പിക്കുന്ന ടോവിനോയെ കുറിച്ചും ചാക്കോച്ചന്‍ പറയുന്നു.
”ഞാന്‍ കാരവനിലിരുന്ന് പഠിക്കുന്നു. പിന്നെ ഫുള്‍ സ്‌പോര്‍ട്ടില്‍ വന്നിരുന്ന് പഠിക്കുന്നു. എന്നിട്ട് ഫുള്‍ ഡയലോഗ് പറഞ്ഞു കഴിയുമ്പോള്‍ ഈ അലവലാതി ഉണ്ടല്ലോ” എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു ചാക്കോച്ചന്‍.

എങ്ങനെയാണ് ഈ ഡയലോഗുകള്‍ എല്ലാം പഠിച്ചെടുത്തത് എന്ന ചോദ്യത്തിന് ”ആഷിഖും മുഹസിനും വന്ന് പറഞ്ഞത് കുറച്ച് മെഡിക്കല്‍ ടേംസുകള്‍ ഉണ്ടെന്നും വലിയ പ്രശ്‌നമൊന്നുമില്ലെന്നും കുറച്ചുദിവസമേയുള്ളൂ എന്നൊക്കെയാണ്. ഇത്രയും വലിയ ഡയലോഗുകളായിരിക്കുമിതെന്ന് താന്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ചാക്കോച്ചന്റെ മറുപടി.

”ഷറഫുവിനാണ് എന്നോട് ഏറ്റവും കൂടുതല്‍ വൈരാഗ്യം ഉള്ളതെന്നാണ് തോന്നുന്നത്. എന്റെ ഭാര്യയുടെ ജൂനിയറാണ് ഷറഫു. അതുകൊണ്ട് ഞാന്‍ നിന്നുകൊടുത്തേ പറ്റു. അടിച്ചുപൊളിച്ച് തമാശകളൊക്കെ പറഞ്ഞ് സെറ്റിലിരിക്കാമെന്ന് കരുതിയ ഞാന്‍ ആ കാരവനില്‍ നിന്ന് ഇറങ്ങിയിട്ടില്ല.

ഈ പേപ്പറും പിടിച്ച് ഇരിക്കും. ഞാന്‍ കാരവനിലുന്ന് പഠിക്കും. സ്‌പോര്‍ട്ടില്‍ വന്നിരുന്ന പഠിക്കും. അങ്ങനെ കാണാപ്പാഠം പഠിച്ച് വരുമ്പോള്‍ ഷറഫുവും മുഹസിനും വരും. ചേട്ടാ ചെറിയ ഒരു ഡയലോഗ് കൂടിയുണ്ട്. ഞാന്‍ പറയും അതിനെന്താ കുഴപ്പമില്ലെന്ന്. നോക്കുമ്പോള്‍ ഒരു ഫുള്‍ ലെങ്ത് പേപ്പര്‍ ഉണ്ട്. (ചിരിക്കുന്നു) പിന്നെ എത്ര തെറ്റിയാലും കുഴപ്പമില്ല. എത്ര ടേക്ക് വേണമെങ്കിലും എടുത്തോ എന്ന് പറയുന്ന ഒരു ഡയരക്ടറും അതൊക്കെ സഹിക്കാന്‍ തയ്യാറായിട്ടുള്ള കോ ആക്ടേഴ്‌സിനെയുമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ അതൊക്കെ രസകരമായിരുന്നു.- ചാക്കോച്ചന്‍ പറയുന്നു.

അതിനിടെ ഷൂട്ടിങ് ഇടവേളയില്‍ ചാക്കോച്ചന്‍ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോള്‍ മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ടോവിനോയുടെ വീഡിയോയും ചാക്കോച്ചന്‍ പങ്കുവെച്ചിട്ടുണ്ട്. പാര്‍വതിയാണ് ഇരുവരും അറിയാതെ വീഡിയോ പകര്‍ത്തിയത്. ‘ ഡോക്ടര്‍ സുരേഷ് രാജനും കളക്ടര്‍ ബ്രോയും എങ്ങിനെയാണ് ജോലി ചെയ്തത് എന്നതിന് ഇതാ തെളിവ് എന്ന തലക്കെട്ടോടെയാണ്ചാക്കോച്ചന്‍ വീഡിയോ ഷെയര്‍ ചെയ്തത്.

നിപ വൈറസ് സ്ഥിരീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ സുരേഷ് രാജന്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടറായിട്ടാണ് ടൊവിനോ ചിത്രത്തില്‍ വേഷമിട്ടത്.

താരങ്ങളടക്കം നിരവധി പേരാണ് ചാക്കോച്ചന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.              ഡോക്ടര്‍ പഠിക്കുമ്പോള്‍ കളക്ടര്‍ ഇരുന്നു പബ്ജി കളിക്കുകയാണോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. ചാക്കോച്ചന്‍ കഷ്ടപ്പെട്ട് പണിയെടുക്കുമ്പോള്‍ നിങ്ങളവിടെ എന്ത് ചെയ്യാണെന്നാണ് നടി പാര്‍വതിയുടെ ചോദ്യം.

ഇതിന് ടൊവിനോയും മറുപടി നല്‍കിയിട്ടുണ്ട്. ചാക്കോച്ചനെ ശല്യപ്പെടുത്താതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുകയായിരുന്നു ഞാന്‍. അദ്ദേഹം മൂന്നു പേജ് നീളമുള്ള സംഭാഷണം പറഞ്ഞു തീരുമ്പോള്‍ തലയാട്ടുന്നത് എങ്ങനെയെന്ന് ഞാന്‍ നേരത്തെ പഠിച്ചുവച്ചിട്ടുണ്ട് എന്നായിരുന്നു ടൊവിനോയുടെ രസകരമായ മറുപടി.

We use cookies to give you the best possible experience. Learn more