| Saturday, 4th December 2021, 8:27 am

ആ ചുരുക്കപ്പട്ടികയില്‍ കേറണം എന്നൊരു ആഗ്രഹം ഉള്ളതുകൊണ്ടാണ് ആറാം പാതിര വൈകുന്നത്: കുഞ്ചാക്കോ ബോബന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായ അഞ്ചാം പാതിര. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര സൃഷ്ടിച്ച ട്രെന്‍ഡിനെ തുടര്‍ന്ന് സമാനമായ നിരവധി സിനിമകളാണ് മലയാളത്തിലിറങ്ങിയത്. ചിത്രമിറങ്ങി ഒരു വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗവും സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.

ആറാം പാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒന്നാം ഭാഗത്തിനെക്കാള്‍ മികച്ചതായിരിക്കണം രണ്ടാം ഭാഗമെന്നും അതിനാലാണ് മിഥുന്‍ കൂടുതല്‍ സമയമെടുക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആറാം പാതിരയുടെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്.

‘അഞ്ചാംപാതിര ഏറ്റവും വലിയ ഹിറ്റ് ആയത് തന്നെയാണ് ആറാം പാതിര വൈകാനുള്ള കാരണം. ആറാം പാതിര ഇറങ്ങുമ്പോള്‍ ഇതിന് വേണ്ടിയായിരുന്നോ അഞ്ചാംപാതിര ഇറക്കിയതെന്ന് ആളുകള്‍ ചോദിക്കാതെ ഇരിക്കണം എന്നുള്ള ഒരു ആഗ്രഹവും വാശിയും തയ്യാറെടുപ്പും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

‘അതിനേക്കാള്‍ ഉപരിയായി ഈ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മിഥുന് അദ്ദേഹത്തിന് ആവശ്യമുള്ള സമയം വേണം. ഒന്നാം ഭാഗത്തിനേക്കാള്‍ മികച്ച് നില്‍ക്കുന്ന രണ്ടാം ഭാഗം ലോക സിനിമയില്‍ തന്നെ വളരെ കുറച്ചാണ്. ആ ചുരുക്കപ്പട്ടികയില്‍ കേറണം എന്നൊരു ആഗ്രഹം ഉള്ളതുകൊണ്ട് ആ ഒരു സമയം അനുവദനീയമാണ്. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും ആറാം പാതിര സംഭവിക്കുമെന്നും അന്‍വര്‍ ഹുസൈനും ടീമും വേറൊരു ത്രില്ലിംഗ് കഥയുമായി എത്തുമെന്നാണ് വിചാരിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം ഭീമന്റെ വഴി തിയറ്ററിലെത്തിയത്. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതിയ ചിത്രം അഷ്‌റഫ് ഹംസയാണ് സംവിധാനം ചെയ്തത്. ഭീമന്റെ വഴിക്ക് ശേഷം കുഞ്ചാക്കോ ബോബന്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രം ‘ഒറ്റ്’ ആണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: kunjacko boban about aram pathira

Latest Stories

We use cookies to give you the best possible experience. Learn more