കൊച്ചി: ആക്രമിക്കപ്പെട്ട നടി “അമ്മ”യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്‌സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍.
നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് “അമ്മ” അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കോടതി വിധി വന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയുമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
സംഘടന ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ എക്‌സിക്യൂട്ടീവില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയില്ല. ഇരയായ നടിക്കൊപ്പമാണ് സംഘടന എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. നടി സംഘടനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ സംഘടനയിലെത്തിക്കണം. എന്നാല്‍ എന്ത് ചെയ്യണമെന്നത് ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യമാണ്. ഇക്കാര്യത്തില്‍ അമ്മയുടെ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ കുറ്റാരോപിതന്‍ കുറ്റവിമുക്തനാക്കപ്പെടുന്ന സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെക്കുറിച്ച് “അമ്മ”യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ലെന്നും നല്ല നൂറ് കാര്യങ്ങള്‍ ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴികേള്‍ക്കേണ്ടി വരുമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.