[]മലപ്പുറം: അരീക്കോട് കുനിയില്‍ സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുസ്ലീം ലീഗിന്റെ പി.കെ. ബഷീര്‍ എം.എല്‍.എയെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേസിലെ ആറാം പ്രതിയായിരുന്നു ഏറനാട് മണ്ഡലത്തിലെ മുസ്‌ലീം ലീഗ് എം.എല്‍.എയായ പി.കെ ബഷീര്‍. 2012 ജൂണല്‍ നടന്ന ഇരട്ട കൊലപാതകമാണ് കേസിനാദാരം.
കുനിയില്‍ അതീഖ് റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദ് (37), പിതൃസഹോദരന്‍ കൊളക്കാടന്‍ കുഞ്ഞാപ്പു എന്ന അബൂബക്കര്‍ (46) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതാണ് സംഭവം.
ഏഴോളം പേരടങ്ങുന്ന മുഖംമൂടി സംഘമായിരുന്നു കൃത്യം നിര്‍വഹിച്ചത്. എം.എല്‍.എയുടെ പ്രസംഗമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അത്തീഖ് റഹ്മാന്‍ കുടുംബസഹായ ഫണ്ട് വിതരണച്ചടങ്ങില്‍ അക്രമത്തിന് പ്രേരണ നല്‍കുന്ന വിധത്തില്‍ ബഷീര്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് ബഷീറിനെതിരായ പരാതി.