സുന്നീ ഐക്യം പ്രായോഗികമോ? പിളര്‍പ്പിന്റെ കാരണം സംഘടനാപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ മാത്രമോ?
Opinion
സുന്നീ ഐക്യം പ്രായോഗികമോ? പിളര്‍പ്പിന്റെ കാരണം സംഘടനാപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ മാത്രമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2017, 2:58 pm

അങ്ങനെ ഐക്യം വേണമെങ്കില്‍ അത് സെക്കുലര്‍ രാഷ്ട്രീയത്തില്‍ ആവാമല്ലൊ? അവിടെ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മുജാഹിദും എല്ലാം ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഉണ്ടല്ലൊ പിന്നെയെന്തിന് പരസ്പരം മുസ്‌ലിമാണെന്ന് അംഗീകരിക്കാത്തവര്‍ തമ്മില്‍ ഒരു മുസ്‌ലിം ഐക്യം? അത് കാപട്യമല്ലേ?


ഇപ്പോള്‍ ഒരു പുതിയ വിവാദം കേരളാ മുസ്‌ലിംകള്‍ക്കിടയില്‍ സജീവ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. മറ്റൊന്നുമല്ല കേരള മുസ്‌ലീംകളിലെ ഏറ്റവും പ്രബല ശക്തിയായ സുന്നികളിലെ എ.പി, ഇ.കെ വിഭാഗങ്ങളുടെ ലയനമാണത്.

മുമ്പൊക്കെ ഇത്തരമൊരു ഐക്യശ്രമത്തിന് മുന്‍കൈ എടുത്തിരുന്നത് മുസ്‌ലിം ലീഗോ അല്ലെങ്കില്‍ മുസ്‌ലിംകളിലെ സമ്പന്നരായ പ്രമാണിമാരോ ആയിരുന്നു. അന്നൊക്കെ അതിന് തടസ്സം നിന്നത് ഇ.കെ ഗ്രൂപ്പ് എന്ന സമസ്ത വിഭാഗവുമായിരുന്നു. എന്നാല്‍ ഇന്ന് അത്തരമൊരു ഐക്യ ശ്രമവുമായി മുന്നോട്ട് വന്നിട്ടുള്ളത് ഇ.കെ സമസ്ത വിഭാഗം തന്നെയാണെന്നതാണ് പ്രത്യേകത.

മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു പോഷക സംഘടനയെപ്പോലെ ബന്ധമുള്ള സമസ്ത(സമസ്തയുടേയും ലീഗിന്റേയും തലപ്പത്തുള്ളത് പാണക്കാട് കുടുംബത്തില്‍ നിന്നുള്ള തങ്ങള്‍മാര്‍ തന്നെയാണ്) ഇപ്പോള്‍ ഇത്തരമൊരു ദൗത്യവുമായി ഇറങ്ങിയിട്ടുള്ളത് മലപ്പുറം ഉപതെരെഞ്ഞെടുപ്പില്‍ എ.പി സുന്നി വിഭാഗത്തിന്റെ വോട്ട് ലീഗ് സ്ഥാനാര്‍ത്ഥിയായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുന്നതിനു വേണ്ടിയുള്ള ഒരു തന്ത്രം മാത്രമായി പലരും കാണുന്നുണ്ടെങ്കിലും ഐക്യം ആഗ്രഹിക്കുന്ന പല എ.പി സുന്നി പ്രമുഖരും അത്തരം ഒരു ഉദ്ദേശം അവര്‍ക്കുണ്ടെങ്കിലും അതിലൂടെയെങ്കിലും ഐക്യം ഉണ്ടാവട്ടെ എന്ന അഭിപ്രായക്കാരാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ സുന്നികള്‍ തമ്മിലുണ്ടായ ഭിന്നതയുടെയും പിളര്‍പ്പിന്റെയും കാരണം പരിശോധിക്കേണ്ടതുണ്ട്. അത് കേവലം വ്യക്തിപരമോ സംഘടനാപരമോ ആയ അഭിപ്രായ വ്യത്യാസവും വിരോധവും കാരണമോ അല്ലെങ്കില്‍ ആഴത്തിലുള്ള ആശയപരമോ മറ്റുവല്ലതുമായ കാരണങ്ങളുമാണോ എന്നാണറിയേണ്ടത്.

രണ്ടു സുന്നീ വിഭാഗങ്ങളും ഇപ്പോള്‍ പറയുന്നത് കേവലം സംഘടനാപരമായ ഭിന്നത മാത്രമാണ് അവര്‍ തമ്മിലുള്ളത് എന്നാണെങ്കിലും സമസ്തയുടെ ഉത്ഭവവും മുസ്‌ലിം സാഹചര്യങ്ങളും നിരീക്ഷിച്ചാല്‍ ആ ഭിന്നത കേവലം സംഘടനാപരമോ വ്യക്തി താല്‍പര്യമോ മാത്രമല്ല അതിലും ആഴത്തിലുള്ള മറ്റു പല ഘടകങ്ങളും അതിനു പുറകിലുണ്ടെന്ന് മനസ്സിലാക്കാനാവും. അത് മനസ്സിലാക്കണമെങ്കില്‍ ചരിത്രപരമായി കുറച്ചു പുറകിലേക്ക് പോവേണ്ടതുണ്ട്.

ഇ.കെ അബൂബക്കര്‍ മുസലിയാര്‍

1921 ലെ മലബാര്‍ കലാപ കാലഘട്ടത്തില്‍ മലബാറിലെ മുസ്‌ലിംകളും അവരുടെ നേതൃത്വവുമൊക്കെ കോണ്‍ഗ്രസ്സിനോടായിരുന്നു അനുഭാവം പുലര്‍ത്തിയിരുന്നത്. അന്ന് മുസ്‌ലിം ലീഗ് ഉണ്ടായിരുന്നെങ്കിലും അവരുടെ ബ്രിട്ടീഷുകാരോടുള്ള മൃദു സമീപനവും കോണ്‍ഗ്രസ് വിരോധവും മുസ്‌ലിംകള്‍ക്ക് സ്വീകാര്യമായിരുന്നില്ല.

മാത്രമല്ല കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് വിരോധവും ഖിലാഫത്ത് പ്രസ്ഥാനവും അവരെ കോണ്‍ഗ്രസിനോട് അടുപ്പിക്കുകയും ചെയ്തു. ആലി മുസലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ അന്നു നടന്ന ചരിത്ര പ്രസിദ്ധമായ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളന പ്രതിനിധികള്‍ ആയിരുന്നു.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും കെ. മാധവന്‍ നായരും കട്ടിലശേരി മുഹമ്മദ് മുസലിയാരുമൊക്കെയായിരുന്നു അന്ന് കോണ്‍ഗ്രസിനു നേതൃത്വം കൊടുത്തിരുന്നതും ഖിലാഫത്തിന്റെ ചുമതല വഹിച്ചതും. മലബാര്‍ കലാപം അടിച്ചമര്‍ത്തപ്പെട്ട ശേഷമാണ് മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാന-പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്.

കേരള മുസ്‌ലിം ഐക്യസംഘം

മലബാര്‍ കലാപം അടിച്ചമര്‍ത്തപ്പെട്ടതോടെ സമരത്തില്‍ പങ്കാളികളായിരുന്ന പല മുസ്‌ലിം നേതാക്കള്‍ക്കും മലബാര്‍ വിട്ട് പോവേണ്ടി വന്നു. അതില്‍ പ്രധാനികളായിരുന്നു കെ.എം മൗലവിയും ഇ.കെ മൗലവിയും. അവര്‍ അന്ന് അഭയം തേടിയെത്തിയത് കൊടുങ്ങല്ലൂരായിരുന്നു.

1922ല്‍ കൊടുങ്ങല്ലൂരിനടുത്ത് ഏറിയാട് എന്ന സ്ഥലത്ത് ശൈഖ് ഹംദാനി തങ്ങള്‍, വക്കം മൗലവി, ഇ.കെ മൗലവി, കെ.എം മൗലവി തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന് രൂപം കൊടുത്ത നിഷ്പക്ഷ സംഘം ആണ് പിന്നീട് കേരള മുസ്‌ലിം ഐക്യസംഘമായി മാറുന്നത്. സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ കേരളത്തില്‍ തുടങ്ങിവെച്ച മുസ്‌ലിം സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രധാന ലക്ഷ്യം.

പിന്നീട് 1924ല്‍ ആലുവയില്‍ നടന്ന കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക യോഗത്തിലായിരുന്നു ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭയ്ക്ക് രൂപം നല്‍കിയത്. 1934ല്‍ ഐക്യസംഘം പിരിച്ചുവിട്ടുവെങ്കിലും അതുയര്‍ത്തിയ മുദ്രാവാക്യങ്ങളും ആശയങ്ങളും പില്‍ക്കാലത്ത് മറ്റു മുസ്‌ലിം മത-സാമൂഹ്യ-രാഷ്ട്രീയ-വിദ്യഭ്യാസ സംഘടനകള്‍ ഏറ്റെടുക്കുകയും കേരള മുസ്‌ലീങ്ങളില്‍ ഇന്ന് കാണുന്ന മുന്നേറ്റത്തിനും ഉന്നമനത്തിനും ഹേതുവാകുകയും ചെയ്തു.

കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത് പ്രത്യേകിച്ചും ഐക്യസംഘത്തിനകത്തെ സലഫികളായ നേതാക്കളുടെ മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നികളോടുള്ള നിഷേധാത്മകവും തീവ്രവുമായ നിലപാട് കാരണമാണെന്ന് പറയേണ്ടിവരും. തുടക്കത്തില്‍ ഐക്യസംഘത്തിലും ജംഇയ്യത്തുല്‍ ഉലമയിലും കാര്യമായ ഭിന്നതകളൊന്നുമുണ്ടായിരുന്നില്ല.

ബാഫഖി തങ്ങളും പാണക്കാട് തങ്ങളും സുലൈമാന്‍ സേട്ടും ജി.എം ബനാത്ത്‌വാലയും

പിന്നീട് ഈ സംഘടനകളില്‍ സലഫി സ്വാധീനവും മേധാവിത്വവും അടിച്ചേല്‍പ്പിക്കപ്പെടുന്നുവെന്ന് തോന്നിയപ്പോഴാണ് യാഥാസ്ഥിതികരെന്ന് പറയപ്പെടുന്ന സുന്നി പണ്ഡിതന്‍മാരും നേതാക്കളും ഐക്യസംഘത്തില്‍ നിന്നും ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നും പുറത്തുവരുന്നതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനക്ക് രൂപം നല്‍കുന്നതും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

1926ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ പിളര്‍ന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപം കൊള്ളുന്നത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍, പതി അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍, പാനായിക്കും പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശിഹാബുദ്ധീന്‍ അഹമ്മദ് കോയ ശാലിയാതി, അബ്ദുള്‍ഖാദര്‍ ഫള്ഹരി തുടങ്ങിയവര്‍ 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച കേരളത്തിലെ സുന്നിമത പണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡണ്ടും പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, പള്ളിപ്പുറം അബുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കെ.പി മീരാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും പള്ളി വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും, വലിയ കൂനേങ്ങല്‍ മുഹമ്മദ് മൗലവി സെക്രട്ടറിയായും 40 അംഗങ്ങള്‍ അടങ്ങിയ മുശാവറ കമ്മറ്റിയാണ് ആദ്യമായി നിലവില്‍ വന്നത്.


Also Read: ‘ആള്‍ക്കൂട്ടമെത്തിയത് തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി; പൊലീസ് എത്തിയെങ്കിലും അവരെ തടയാന്‍ ശ്രമിച്ചില്ല’ ആരോപണവുമായി ഗുജറാത്ത് കലാപത്തിലെ ഇരകള്‍ 


സമസ്തയെക്കുറിച്ചു പറയുമ്പോള്‍ അന്നത്തെ രാഷ്ട്രീയ പാശ്ചാത്തലവും അതോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്.
സമസ്തയിലും സമസ്തക്ക് മുമ്പുള്ള കെ.ജെ.യുവിലും ഐക്യസംഘത്തിലുമൊക്കെ മേധാവിത്തം കോണ്‍ഗ്രസ് ആശയക്കാര്‍ക്ക് തന്നെയായിരുന്നു.

പരിഷ്‌കര്‍ത്താക്കളായ കെ.എം മൗലവിയും വക്കം മൗലവിയുമൊക്കെ ദേശീയ സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കുള്ളവരായിരുന്നു. മാത്രമല്ല മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ഇ. മൊയ്തുമൗലവിയുമൊക്കെ ഐക്യ സംഘത്തിന്റെ പ്രധാന നേതാക്കള്‍കൂടിയായിരുന്നു.

അക്കാലത്തെ മുസ്‌ലിം ലീഗ് ആവട്ടെ സത്താര്‍ സേട്ട്, പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തലശ്ശേരി ഭാഗത്ത് മാത്രം ഒതുങ്ങിയ ഒരു പ്രസ്ഥാനമായിരുന്നു. പിന്നീട് കെ.എം സീതി സാഹിബ് കോണ്‍ഗ്രസ് വിട്ട് ലീഗില്‍ വരുന്നതോടെയാണ് ലീഗിന്റെ സംഘടനാ ശേഷി വര്‍ധിക്കുന്നത്. സത്താര്‍ സേട്ട് വിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് പോയതോടെ മുസ്‌ലിം ലീഗ് വീണ്ടും ക്ഷീണത്തിലായി.

വരക്കല്‍ മുല്ലക്കോയ തങ്ങള്‍

അക്കാലത്തെ സുന്നീ മുസ്‌ലീങ്ങള്‍ മതപരമായും സാമൂഹ്യമായും നേതൃത്വമായി അംഗീകരിച്ചിരുന്നത് കൊയിലാണ്ടി, മലപ്പുറം പാണക്കാട് തങ്ങള്‍മാരെയായിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങള്‍ തൊട്ട് പിന്തുടര്‍ന്നു വന്നിരുന്ന ഒരു പാരമ്പര്യമായിരുന്നു അത്.

ഈ തങ്ങള്‍മാരെ മുസ്‌ലിം ലീഗിലേക്ക് കൊണ്ടു വന്നാല്‍ സുന്നീ പിന്തുണ ലീഗിനു ലഭിക്കുമെന്നും അങ്ങനെ മുസ്‌ലീങ്ങളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ലീഗിനു വളരാനാവുമെന്നും കണക്കു കൂട്ടിയ സീതി സാഹിബാണ് കോഴിക്കോട് വലിയങ്ങാടിയിലെ മലഞ്ചരക്ക്-കൊപ്ര വ്യാപാരിയായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെ ലീഗിലേക്ക് കൊണ്ടു വരുന്നത്. ബാഫഖി തങ്ങളിലൂടെ പാണക്കാട് പൂക്കോയ തങ്ങളും ലീഗിലെത്തി. മുസ്‌ലിം സമൂഹം അങ്ങനെ ലീഗിലേക്ക് ചേക്കേറുകയും ലീഗ് മലബാറിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനമായും വളരുകയും ചെയ്തു.

സ്വാഭാവികമായും ഈ മാറ്റം സമസ്തയേയും ബാധിച്ചു. ലീഗില്‍ സുന്നികളല്ലാത്ത സുന്നികളെ മുശ്രിക്കുകളായി കാണുന്ന വഹാബികളും ഇതര വിഭാഗങ്ങളുമുള്ളതും അംഗീകരിക്കാനാവാത്തവരും, ഒപ്പം രാഷ്ട്രീയം മതേതരമാവണമെന്നും മതം രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടരുതെന്നു കരുതുന്നവരും കോണ്‍ഗ്രസ് അനുഭാവമുള്ളവരുമായ ഒരു വിഭാഗവും തങ്ങള്‍മാരോടുള്ള ആദരവിലൂടെ ലീഗിനെ അംഗീകരിക്കുകയും സുന്നിയേതരരോട് ഒരു മൃദു സമീപനം വെച്ചു പുലര്‍ത്തുന്നവരുമായ മറ്റൊരു വിഭാഗവുമായി സമസ്ത ചേരിതിരിഞ്ഞു നിന്നു.

 

വരക്കല്‍ മുല്ലക്കോയ തങ്ങള്‍, അഹമ്മദ് കോയ ശാലിയാത്തി, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ സുന്നീ തീവ്രത പുലര്‍ത്തുന്നവരും രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് സമീപനമുള്ളവരുമായിരുന്നു.

സലഫീ വിഭാഗങ്ങളുടെ സുന്നികളോടുള്ള തീവ്ര സമീപനങ്ങള്‍ സമസ്തയിലെ പല പണ്ഡിതന്മാര്‍ക്കും സുന്നിയേതര പ്രസ്ഥാനങ്ങളോടും അതോടൊപ്പം അത്തരം പ്രസ്ഥാനങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്‌പെയിസ് നല്‍കുന്ന മുസ്‌ലിം ലീഗിനോടു പോലും ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതിന് പ്രേരകമായിട്ടുണ്ടെന്ന് പറയേണ്ടിവരും.

അക്കാലത്തെ സുന്നീ വേദിയിലെ പ്രമുഖ പ്രാസംഗികനും സുന്നി മുജാഹിദ് സംവാദങ്ങളിലെ പ്രധാന സംവാദകനുമായിരുന്ന ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ മരണാസന്നനായി കിടക്കുമ്പോള്‍ മുജാഹിദ് നേതാവും ദാറുല്‍ ഇഫ്താ പ്രതിനിധിയുമായ വെളിയം കോട് ഉമര്‍ മൗലവി ഹസന്‍ മുസ്‌ലിയാരുടെ പേരില്‍ ഒരു കത്തയച്ചു. “ഹസന്‍ മുസ്‌ലിയാര്‍, നിങ്ങള്‍ മുസ്‌ലിമാവുക അല്ലെങ്കില്‍ സമുദായത്തെ പിഴപ്പിച്ചതിന്റെ ഉത്തരവാദിത്തം താങ്കള്‍ക്കായിരിക്കും” എന്നതായിരുന്നു ആ കത്തിന്റെ രത്‌നച്ചുരുക്കം. ഇത് അക്കാലത്ത് സുന്നികളെ ഏറെ വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു.

ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ലീഗ്‌വിരുദ്ധ ചേരിയില്‍ നില്‍ക്കുമ്പോള്‍ സമസ്തയിലെ മേധാവിത്വവും ലീഗ്‌വിരുദ്ധ ചേരിക്ക് തന്നെയായിരുന്നു.സമസ്തയുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ അതില്‍ മുക്കാല്‍ പങ്കും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതായിരിക്കും. ഏറ്റവും അധിക കാലം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടാവുക ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തന്നെയാവും.

കുത്തുബിമുഹമ്മദ് മുസ്‌ലിയാരും കെ.കെ സദഖത്തുല്ല മുസ്‌ലിയാരുമൊക്കെ ഇടക്കാലത്ത് സമസ്തയോട് പിണങ്ങിപ്പോയപ്പോഴും സമസ്തയെ തകര്‍ച്ച ബാധിക്കാതെ രക്ഷപ്പെടുത്തിയെടുത്തത് ഇ.കെയുടെ ധിഷണയും സംഘാടക മികവും ഒന്നുകൊണ്ട് മാത്രമായിരുന്നു.

ഇസ്‌ലാമിക ആത്മീയ താത്വിക വിഷയങ്ങളില്‍ അഘാതമായ ജ്ഞാനമുണ്ടായിരുന്ന പണ്ഡിതനായിരുന്ന ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ തര്‍ക്കങ്ങളിലും സംവാദങ്ങളിലും എതിരാളികള്‍ക്ക് തോല്‍പ്പിക്കുക പ്രയാസമായിരുന്നു. കേരള മുസ്‌ലീങ്ങളുടെ ചരിത്രം പറയപ്പെടുമ്പോള്‍ ഒരിക്കലും മാറ്റി നിര്‍ത്താനാവാത്ത പങ്ക് സമസ്തക്കും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുമുണ്ട്, എന്നാല്‍ വേണ്ടപ്പെട്ട രീതിയില്‍ അദ്ദേഹത്തിന്റെ ചരിത്രം ഇന്ന് ലഭ്യമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

1986നു മുമ്പുവരെ വ്യക്തമായൊരു കോണ്‍ഗ്രസ് പക്ഷരാഷ്ട്രീയം ഇ.കെ പിന്തുടര്‍ന്നിട്ടുണ്ടെന്ന് പറയാം. എ.വി കുട്ടിമാളു അമ്മ കോഴിക്കോട് മത്സരിച്ചപ്പോള്‍ അവര്‍ക്കുവേണ്ടി പരസ്യമായി തെരെഞ്ഞെടുപ്പു രംഗത്ത് പ്രവര്‍ത്തിച്ചിട്ടുമുണ്ട് അദ്ദേഹം. മതപരമായ കാര്യത്തില്‍ സലഫി, ജമാ അത്തെ ഇസ്‌ലാമി തുടങ്ങിയ പ്രസ്ഥാനങ്ങളോട് ഒരു വിട്ടുവീഴ്ച്ചക്കും തയാറാവാത്ത തീവ്ര സുന്നീ നിലപാടുകാരനായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് സലഫി ബന്ധം ഉപേക്ഷിക്കണമെന്ന് ഇടക്കിടെ അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നു.

“ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പ്പം പഞ്ചസാരയും ചായപ്പൊടിയും കൂടെ അല്‍പ്പം തീട്ടവും ചേര്‍ത്താല്‍ ചായയാവില്ല. അതുകൊണ്ട് തീട്ടം വേറെയാക്കടാ…” എന്ന് ലീഗിനോട് സലഫികളെ മാറ്റി നിര്‍ത്താനായി ഇ.കെ പ്രസംഗിച്ചത് അക്കാലത്ത് പ്രസിദ്ധമായിരുന്നു.

അതിനു മറുപടിയായി മലപ്പുറത്ത് നിന്നും മുസ്‌ലിം ലീഗുകാര്‍ പുറത്തിറക്കുന്ന മാപ്പിള നാട് എന്ന വാരിക “മനുഷ്യന്‍ ദുഷിച്ചാല്‍ മൃഗമാവും മൃഗം ദുഷിച്ചാല്‍ ശംസുല്‍ ഉലമയാവും” എന്ന് മറുപടി കൊടുത്തു. സുന്നീ പണ്ഡിതന്മാര്‍ തമ്മിലുള്ള ആന്തരിക ചേരിപ്പോര് പൊതു സമൂഹത്തിലേക്ക് ആദ്യമായി എത്തിക്കുന്നത് മലപ്പുറത്തുനിന്നും അന്ന് പുറത്തിറങ്ങിയിരുന്ന ദ്വൈവാരികയായ മാപ്പിളനാടാണ്.

1983ല്‍ “സുന്നത്ത് ജമാഅത്തിന്റെ തലപ്പത്ത് ചീപ്പവറാന്മാര്‍ വിലസുന്നു” എന്ന തലക്കേട്ടോടെ അവര്‍ പുറത്തുകൊണ്ടു വന്ന ഒരു അഴിമതി ആരോപണ കഥ സുന്നീ രംഗത്ത് വലിയ കൊടുങ്കാറ്റ് വിതച്ചു. കോഴിക്കോട് അരീക്കാട് ജുമാമസ്ജിദിന്റെ പുനര്‍ നിര്‍മ്മാണത്തിന് അബ്ദുല്ലാ കുലൈബുല്‍ ഹാമിലി എന്ന യു.എ.ഇ പൗരന്‍ സംഭാവന നല്‍കിയ അഞ്ചുലക്ഷം രൂപ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പള്ളികമ്മറ്റിയെ ഏല്‍പ്പിക്കുകയോ അറിയിക്കുകയോ ചെയ്തില്ല എന്നായിരുന്നു ആരോപണം.

കാന്തപുരത്തിന്റെ ഉസ്താദും സമസ്ത പണ്ഡിതനുമായ കെ.കെ അബൂബക്കര്‍ ഹസ്രത്ത് ആ യു.എ.ഇ പൗരനെ കണ്ടപ്പോള്‍ കാന്തപുരത്തിന്റെ കയ്യില്‍ അരീക്കാട് പള്ളിക്കു വേണ്ടിയുള്ള പണം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞെന്നായിരുന്നു മാപ്പിളനാടിന്റെ ലേഖനത്തിലെ സൂചന.

ഈ ആരോപണം കത്തി നിന്നെങ്കിലും പിന്നീട് കെ.കെ ഹസ്രത്ത് നേരിട്ടു തന്നെ ഇക്കാര്യം ചന്ദ്രികയില്‍ വെളിപ്പെടുത്തിയതോടെ സംഭവം വിസ്‌ഫോടനാവസ്ഥയിലെത്തി.

കാന്തപുരം ആ ആരോപണത്തിന് ആദ്യമായി മറുപടി പറഞ്ഞത് അന്ന് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നന്തി ദാറുസ്സലാം അറബിക്കോളേജ് വാര്‍ഷികത്തിലാണ്. കാന്തപുരത്തിന്റെ ആ വിശദീകരണം “ഹസ്രത്തിന്റെ പ്രസ്താവന ഖേദകരം” എന്ന തലക്കെട്ടോടെ അന്നത്തെ അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ലീഗ് ടൈംസില്‍ ഒന്നാംപേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

അതിനു മറുപടിയായി പിറ്റേ ദിവസത്തെ ചന്ദ്രികയില്‍ “ഒരു നുണ തെളിയിക്കാന്‍ പിന്നേയും നുണപറയുന്നത് ഖേദകരം” എന്ന തലക്കെട്ടോടെ ഹസ്രത്തിന്റെ വിശദീകരണം വന്നു.

അങ്ങനെ മാപ്പിളനാട് തുടങ്ങി വെച്ച ചേരിപ്പോര് പിന്നീട് രണ്ടു ലീഗുകളുടേയും മുഖപത്രങ്ങള്‍ തമ്മിലായി. അങ്ങനെ ലീഗിനെ പിന്തുണക്കുന്നവരും അല്ലാത്തവരുമായ സമസ്ത പണ്ഡിതന്മാര്‍ തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങളും ചേരിപ്പോരും തുടരുന്ന സമയത്താണ് ശാബാനു കേസും ശരീഅത്ത് വിവാദവും ഉയര്‍ന്നു വരുന്നത്.

1986ല്‍ ശാബാനു കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡുമായടുത്ത് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മുസ്‌ലിം ലീഗ് ചേരിയിലേക്ക് മാറി. ലീഗ്‌വിരുദ്ധ ചേരിയുടെ നേതൃത്വം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ലീഗ് ചേരിയുടെ നേതൃത്വം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ഏറ്റെടുത്തു. അങ്ങനെയാണ് സുന്നികള്‍ എ.പി, ഇ.കെ ഗ്രൂപ്പുകളായി മാറുന്നത്. രണ്ടു ഗ്രൂപ്പുകളായി നില നിന്നെങ്കിലും സമസ്ത പിളര്‍ന്ന് രണ്ടു സംഘടനയായി മാറുന്നത് 1989ലാണ്.

സമസ്ത രണ്ടു ഗ്രൂപ്പായി നില്‍ക്കുന്ന സമയത്ത് സമസ്തയുടെ നിയന്ത്രണം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ കയ്യിലും സമസ്തയുടെ പോഷക സംഘടനകളായ സുന്നീ യുവജന സംഘത്തിന്റെയും എസ്.എസ്.എഫിന്റെയും പൂര്‍ണ്ണ നിയന്ത്രണം കാന്തപുരത്തിന്റെ കയ്യിലുമായിരുന്നു.

അങ്ങനെയുള്ള സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സുന്നി യുവജന സംഘം അതിന്റെ സംസ്ഥാന സമ്മേളനം എറണാകുളത്തു 1989 ജനുവരി 18 മുതല്‍ 22 വരെ യുള്ള തിയതികളില്‍ നടത്താന്‍ തീരുമാനമെടുക്കുന്നത്. എന്നാല്‍ സമസ്ത ഈ സമ്മേളനത്തിന് അംഗീകാരം കൊടുത്തില്ല.

കാന്തപുരവും കൂട്ടരും സമസ്തയുടെ എതിര്‍പ്പ് മറികടന്നു സമ്മേളനവുമായി മുന്നോട്ടു പോയി. സാധാരണ മറ്റു മത സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലാത്ത പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആദ്യമായി ഒരു മുസ്‌ലിമും എറണാകുളത്തെ സുന്നീ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പ്രസ്താവന പുറപ്പെടുവിച്ചു. ഒപ്പം ലീഗിനു വേണ്ടി ഔദ്യോഗികമായി അന്ന് ബി.വി അബ്ദുള്ളക്കോയ സാഹിബും സമ്മേളനത്തില്‍ ആരും പങ്കെടുക്കരുതെന്ന പ്രസ്താവനയിറക്കി.

എല്ലാ എതിര്‍പ്പുകളേയും മറി കടന്നുകൊണ്ട് എറണാകുളം സമ്മേളനം വന്‍ വിജയമായി നടന്നു. സംഘടനാ നിര്‍ദ്ദേശം ലംഘിച്ചു എന്ന പേരില്‍ സമസ്ത ഉള്ളാള്‍ തങ്ങള്‍, കാന്തപുരം, എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ തുടങ്ങിയ ആറു പേരെ സമസ്തയില്‍ നിന്നും പുറത്താക്കി.

പുറത്താക്കപ്പെട്ടവര്‍ പിന്നീട് സ്വന്തമായി മറ്റൊരു സമസ്തക്ക് രൂപം നല്‍കുകയും മാതൃ സമസ്തയുടെ കീഴ്ഘടകങ്ങളായിരുന്ന എസ്.വൈ.എസും എസ്.എസ്.എഫും പൂര്‍ണ്ണമായിത്തന്നെ കാന്തപുരം സമസ്തക്കൊപ്പം നിലകൊള്ളുകയും ചെയ്തു. ഇ.കെ സമസ്ത പിന്നീട് പുതിയ എസ്.വൈ.എസും എസ്.എസ്.എഫിനു പകരമായി എസ്.കെ.എസ്.എസ്.എഫും രൂപീകരിക്കുകയും ചെയ്തു അങ്ങനെ 1926ല്‍ രൂപം കൊണ്ട സമസ്തയുടെ അനിവാര്യമായ സമ്പൂര്‍ണ്ണ പിളര്‍പ്പ് 1989 ല്‍ പൂര്‍ണ്ണമായി.

ലീഗ് വിരുദ്ധതയുടെയും ലീഗുമായി സഹകരിക്കാത്തതിന്റെയും പേരില്‍ ഇടക്കാലത്ത് മഹല്ലില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട മുസ്‌ലിം ലീഗുകാരല്ലാത്ത എല്ലാ രാഷ്ട്രീയപാര്‍ട്ടിയിലുംപ്പെട്ട സുന്നി വിശ്വാസികളുടെ ഒരു കൂട്ടായ്മകൂടിയായി പിളര്‍പ്പിനുശേഷം കാന്തപുരം വിഭാഗം മാറി. അത്തരം ആളുകള്‍ക്ക് മതരംഗത്ത് ഒരു ദൃശ്യത നല്‍കുവാനും പിളര്‍പ്പ് കാരണമായി.

ഇവിടെ രൂപം കൊണ്ട കാലം മുതലേയുള്ള ആന്തരിക വൈരുദ്ധ്യം തന്നെയാണ് അനിവാര്യമായ പിളര്‍പ്പിലേക്കെത്തിച്ചത് എന്ന് മനസ്സിലാക്കാനാവും. വഹാബി-മൗദൂതി അവാന്തര വിഭാഗങ്ങള്‍ സുന്നികളെ മുശ്രിക്കുകളാക്കിയതുകൊണ്ട് മുസ്‌ലിമല്ലെന്ന് വഹാബി-മൗദൂതി വിഭാഗം കരുതുന്ന സുന്നികളും അവരും മുസ്‌ലിം എന്ന പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ചു കൂടുന്നതില്‍ അര്‍ത്ഥമില്ലെന്ന് എ.പി വിഭാഗം കരുതി.

അതുകൊണ്ട് ഒന്നുകില്‍ അവര്‍ ഞങ്ങള്‍ മുശ്രിക്കുകളല്ല മുസ്‌ലീങ്ങള്‍ തന്നെയാണെന്ന് ആദ്യം അംഗീകരിക്കട്ടെ, ഐക്യം അതിനുശേഷം ആലോചിക്കാം. അല്ലെങ്കില്‍ പിന്നെ അവര്‍ പൂര്‍ണ്ണമായും മാറി മറ്റൊരു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കട്ടെയെന്നാണ് എ.പി വിഭാഗത്തിന്റെ നിലപാട്.

അങ്ങനെ ഐക്യം വേണമെങ്കില്‍ അത് സെക്കുലര്‍ രാഷ്ട്രീയത്തില്‍ ആവാമല്ലൊ? അവിടെ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മുജാഹിദും എല്ലാം ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഉണ്ടല്ലൊ പിന്നെയെന്തിന് പരസ്പരം മുസ്‌ലിമാണെന്ന് അംഗീകരിക്കാത്തവര്‍ തമ്മില്‍ ഒരു മുസ്‌ലിം ഐക്യം? അത് കാപട്യമല്ലേ? ഇങ്ങനെ തുടരുന്നു എ.പി വിഭാഗത്തിന്റെ ചോദ്യങ്ങള്‍.

ഈ ചോദ്യങ്ങളൊക്കെ ആത്മാര്‍ത്ഥമായിട്ടായിരുന്നെങ്കില്‍ ആ ചോദ്യങ്ങളിലെ പ്രശ്‌നങ്ങളൊക്കെ ഇന്നും അപ്പടി നിലനില്‍ക്കുന്നുണ്ടെങ്കില്‍ എ.പി ഗ്രൂപ്പ് ഐക്യത്തിന് തയാറാവുന്നത് കാപട്യമായി ഗണിക്കപ്പെടും. മാത്രമല്ല അവര്‍ക്ക് എത്രത്തോളം മുസ്‌ലിം ലീഗ് നിയന്ത്രിക്കുന്ന ഒരു പ്രസ്ഥാനത്തില്‍ ഒതുങ്ങി നില്‍ക്കാനാവും എന്നതും കണ്ടറിയേണ്ടതാണ്. ഇവര്‍ തമ്മിലുള്ള ഭിന്നത കേവലം ഉപരിതല സ്പര്‍ശിയാണെന്ന വാദം തെറ്റാണ്. അത് പൂര്‍ണ്ണമായും മതപരമല്ലെങ്കില്‍ കൂടി മറ്റൊരു തരത്തില്‍ ആശയപരം കൂടിയാണ്.