| Monday, 26th March 2012, 9:05 pm

ആന പോകണ പൂമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അനുഭവം / വി. ദീലീപ്

മാഷ് കാഴ്ചയില്‍ ചെറുതാണ്. പക്ഷേ കൈയ്യിലിരിപ്പ് അത്ര ചെറുതല്ല. ചെറുതിനെ മാഷ് ആരാധിച്ചുമില്ല. ചെറിയ രൂപ പ്രകൃതി കൊണ്ടും ചെറിയ വാക്കുകളുടെ പെരുമാറല്‍ കൊണ്ടും വലിയ ലോകത്തെ അളക്കാനാണ് മാഷെന്നും ശ്രദ്ധിച്ചത്. മൂന്നാമത്തെ അടി എവിടെ വെയ്ക്കുമെന്ന് വലം കാലുയര്‍ത്തി അസുര ചക്രവര്‍ത്തിയോട് ചോദിച്ച വാമനനെ പോലെ മാഷ് വലം കൈയ്യിലെ പേന ഉയര്‍ത്തുന്നു. സാഹിത്യ കളരിയില്‍ ചുവട് വെക്കുന്നവരുടെ കഥ/കവിതകളില്‍ പച്ച മഷികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയതിന് ശേഷമുള്ള (എഡിറ്റിംഗ്) ചോദ്യം: “ഇനിയും ഇത് വെട്ടിച്ചുരുക്കാനുണ്ട്. പക്ഷേ അതിനുള്ളൊരു സാധനം ഇനിയും ഇതില്‍ നീ കൊണ്ടുവരണം. സാഹിത്യമല്ലാത്തതൊക്കെ വെട്ടിക്കളഞ്ഞ് ഇനിയും ചെറുതാക്കിയാല്‍ സാധനം തിളങ്ങും. അതിനുള്ള മനസ്സുണ്ടോ നിനക്ക്?”

ഇങ്ങിനെയാണ് മാഷ്. ബ്രഹ്മാണ്ഡത്തോളം വലുതെന്ന് നാം കരുതുന്നതിനെ ഒരു ശംഖിനുള്ളില്‍ ഒതുക്കാവുന്നത്രയും ചെറുതാക്കും; യഥാര്‍ത്ഥ വലിപ്പം ഒട്ടും കുറയ്ക്കാതെ തന്നെ. അപ്പോള്‍ അതിന് ഒരു സവിശേഷ തിളക്കവും ഉണ്ടാകുന്നു. ഒരു കലാസൃഷ്ടിയുടെ ഹൃദയം ദൈവ ഹൃദയവുമായി ചേരുമ്പോഴുണ്ടാകുന്ന പ്രകാശം. അതിലേക്ക് എത്തിച്ചേരാന്‍ വിയര്‍പ്പും കണ്ണീരും ഒഴുക്കാന്‍ തയ്യാറുണ്ടോ എന്നാണ് ഓരോ എഴുത്തുകാരനോടും മാഷിന്റെ ചെറുതല്ലാത്ത ചോദ്യം.

പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലേക്ക് ഞാനയച്ച കഥകളത്രയും മാഷ് പച്ച മഷിയില്‍ വെട്ടും കുത്തുമിട്ട് തിരിച്ചയിച്ചിട്ടേയുള്ളൂ; “വായന, ചിന്തന, സാധന” എന്ന ഉപദേശക്കുറിപ്പോടെ. പില്‍ക്കാലത്ത് മാഷെ നേരിട്ട് കണ്ടപ്പോഴൊക്കെയും ആ വാക്കുകള്‍ വെള്ളി ഗോളങ്ങളായി മാഷെയും എന്നെയും ഞങ്ങള്‍ നിലകൊണ്ട പ്രകൃതിയെയും വലംചുറ്റിയ അനുഭവമുണ്ടായി.

എഴുത്തില്‍ ഒരു കുഞ്ഞുണ്ണി ക്കളരിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മെയ് കണ്ണാകുന്ന ധ്യാന ചിത്തത്തോടെ വാക്കും മനസ്സും പ്രാര്‍ത്ഥനയിലേക്ക് ഏകാഗ്രപ്പെടുന്ന അവസ്ഥ. ഇനിയൊരു കുഞ്ഞുണ്ണി മരുന്നുണ്ട്. വാക്കുറയ്ക്കാന്‍, എഴുതിയിട്ടും ഉറയ്ക്കാത്തതിനെ മനപ്രയാസമില്ലാതെ വഴിയില്‍ തള്ളാനുള്ള തന്റേടം ആര്‍ജിക്കാനുള്ള മരുന്ന്. മാഷിന്റെ ഉപദേശങ്ങളിലത്രയും അതുണ്ട്.

കുഞ്ഞുണ്ണി മരുന്ന് കഴിച്ച് കുഞ്ഞുണ്ണി കളരിയില്‍ ഇറങ്ങാന്‍ കഴിഞ്ഞാല്‍ എഴുതി തുടങ്ങുന്നവര്‍ക്ക് ഏറെ നന്നായി.

“ആന പോകണ പൂമരത്തിന്റെ
ചോടെ പോകണതാരെടാ.
ആനയുമല്ല, കൂനയുമല്ല
കുഞ്ഞുണ്ണിമാഷും കുട്ട്യോളും.”

മാഷ് എഴുതിയിട്ടുണ്ട്. മാഷും മാഷുടെ കുട്ട്യോളും നടന്നു പോയിട്ടും ആ പൂമരം ബാക്കിയാകുന്നു. അതിന്റെ ശിഖരങ്ങള്‍ ചിതറിച്ച പൂക്കളും ബാക്കിയാകുന്നു. അതും അതിനപ്പുറം അറിഞ്ഞു കൊണ്ടാണ് മാഷ് അതെഴുതിയത്. കാലത്തെ അളക്കാന്‍ ഏതാനും കൊച്ചു ചുവടുകള്‍ മാഷിന് ധാരാളം.

We use cookies to give you the best possible experience. Learn more