| Friday, 16th April 2021, 1:44 pm

'അറിയാതെ കയറിപ്പോയ ഇതരമതസ്ഥരെ മര്‍ദിച്ചവശരാക്കുന്നത് കണ്ടും കേട്ടുമാണ് വളര്‍ന്നത്'; കുഞ്ഞിമംഗലത്തെ അയല്‍ ഗ്രാമവാസിയുടെ കുറിപ്പ്

മനോജ് പി.ടി.

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രപരിസരത്ത് സ്ഥാപിച്ച ‘മുസ്‌ലിങ്ങള്‍ പ്രവേശിക്കരുത്’ എന്ന ബോര്‍ഡിനെക്കുറിച്ച് തന്നെയാണ് പറയാനുള്ളത്.

ഏതാണ്ട് 40 വര്‍ഷത്തെ ബന്ധമുണ്ട് കുഞ്ഞിമംഗലം ഗ്രാമവുമായിട്ട്. സഹോദരിമാരിലൊരാളെ കണ്ടംകുളങ്ങരയിലേക്ക് കല്യാണം കഴിച്ച് കൊണ്ടുപോയ കാലം തൊട്ടാണത്. മല്ലിയോട്ടോര്‍മ്മയ്ക്കുമുണ്ട് അത്രയും പ്രായം. അക്കാലങ്ങളില്‍ മല്ലിയോട്ട് നാടകം കാണാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് ജീപ്പ് പോകുമായിരുന്നു. (അവിടെ മാത്രമല്ല കണ്ണൂരിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മുഴുവനും കാസര്‍കോടിന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും).

പൊയ്‌ലന്‍ മമ്മുഞ്ഞിക്കയുടെ വില്ലീസ് ജീപ്പിലായിരിക്കും യാത്ര. ബോണറ്റിലിരുന്നും പിറകില്‍ ഒറ്റക്കാല്‍ മാത്രം വച്ച് തൂങ്ങിയാടിയുമാണ് യാത്ര. പരമാവധി ആളുകളെ കുത്തി നിറച്ചിട്ടുണ്ടാവും. കേമന്‍മാരാണ് ബോണറ്റിലിരിക്കുക. 5 മുതല്‍ 7 രൂപ വരെയൊക്കെയാണ് ചാര്‍ജ്. യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന എനിക്കൊക്കെ ഇളവുണ്ടായിരുന്നു.

ജീപ്പില്‍ ഞങ്ങളെ നാടകം കാണാന്‍ കൊണ്ടുപോകുന്ന മമ്മുഞ്ഞിക്കക്ക് പക്ഷേ, നാടകം കാണാന്‍ പറ്റില്ല. അന്നേയുണ്ട്, അതിനുമെത്രയോ മുന്‍പേയുണ്ട് അവിടെ ആ വേര്‍തിരിവ്. ഇന്നുമത് തുടരുന്നു. അവിടെ കയറിപ്പോയ ഇതര മതത്തില്‍ പെട്ട സഹോദരങ്ങളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞുപിടിച്ച് ദൂരെയുള്ള കണ്ടത്തിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചവശരാക്കുന്നത് കേട്ടും കണ്ടും അറിഞ്ഞിട്ടുണ്ട് അന്നേ. പക്ഷേ അന്നത്തെ ബോര്‍ഡില്‍ ‘അഹിന്ദുക്കള്‍’ എന്നാണെഴുതിയിരുന്നതെങ്കില്‍ ഇന്നത് ‘മുസ്‌ലിം’എന്നു തന്നെയായിരിക്കുന്നു. (ഇസ്‌ലാമോഫാബിയ വളര്‍ത്തി വലുതാക്കിയെടുക്കുന്നതില്‍ വിജയിച്ച നവ ഹൈന്ദവ ഫാസിസ്റ്റുകളുടെ സ്വാധീനം തന്നെയാണിതിനു പിന്നില്‍).

അന്നും ഇന്നും അമ്പലക്കമ്മിറ്റിയിലും ഉത്സവാഘോഷക്കമ്മിറ്റിയിലും ബഹുഭൂരിപക്ഷം പുരോഗമനക്കാര്‍ എന്ന് സ്വയം അകാശപ്പെടുന്നയാളുകള്‍ തന്നെയാണ്. ഇത്രയും കാലമായിട്ടും സ്വയം പുതുക്കാന്‍, ഈ അനാചാരം മാറ്റാന്‍, ഇക്കൂട്ടര്‍ തയ്യാറായിട്ടില്ല. ക്ഷേത്രമതിലിനകത്തോ ക്ഷേത്രക്കുളത്തിലോ ഒന്നുമല്ല ക്ഷേത്ര പറമ്പിലാണ് ഈ മാറ്റി നിര്‍ത്തല്‍ എന്ന് പ്രത്യേകം ഓര്‍ക്കണം. (മറ്റു സമയത്ത് ഇത് ബാധകവുമല്ല!)

ഇതേ നാട്ടില്‍ മറ്റൊരു ക്ഷേത്രത്തില്‍ സ്വമതസ്ഥനെങ്കിലും അന്യ ജാതിക്കാരനെ കോല്‍ക്കളി കളിക്കാന്‍ പോലും കൂട്ടാത്ത ജാതി ബോധവും കത്തി നില്‍ക്കുന്നുണ്ട്. പല അനാചാരങ്ങളും കമ്യൂണിസ്റ്റുകാര്‍ മാറ്റിയെടുത്ത ചരിത്രം ഉദ്‌ഘോഷിക്കുന്നവര്‍, അവരുടെ നേരവകാശികള്‍ എന്ന് എണ്ണം കൊണ്ടുമാത്രം അവകാശപ്പെടുന്നവര്‍, ആ തഴമ്പ് മാത്രം തടവി രസിക്കാതെ, സ്വന്തം നാട്ടില്‍, സ്വന്തം വീട്ടില്‍, അവനവന്റെ ഉള്ളില്‍ അത്രയും, പേരാല് പോലെ വേരാഴ്ത്തി, ഇല പടര്‍ത്തി നില്‍ക്കുന്ന ഇത്തരം കൊള്ളരുതായ്മകളെ എന്നാണ് പിഴുതെറിയുക, ആവോ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kunhimangalam Temple Board Controversy

മനോജ് പി.ടി.

We use cookies to give you the best possible experience. Learn more