കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രപരിസരത്ത് സ്ഥാപിച്ച ‘മുസ്‌ലിങ്ങള്‍ പ്രവേശിക്കരുത്’ എന്ന ബോര്‍ഡിനെക്കുറിച്ച് തന്നെയാണ് പറയാനുള്ളത്.
ഏതാണ്ട് 40 വര്‍ഷത്തെ ബന്ധമുണ്ട് കുഞ്ഞിമംഗലം ഗ്രാമവുമായിട്ട്. സഹോദരിമാരിലൊരാളെ കണ്ടംകുളങ്ങരയിലേക്ക് കല്യാണം കഴിച്ച് കൊണ്ടുപോയ കാലം തൊട്ടാണത്. മല്ലിയോട്ടോര്‍മ്മയ്ക്കുമുണ്ട് അത്രയും പ്രായം. അക്കാലങ്ങളില്‍ മല്ലിയോട്ട് നാടകം കാണാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് ജീപ്പ് പോകുമായിരുന്നു. (അവിടെ മാത്രമല്ല കണ്ണൂരിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മുഴുവനും കാസര്‍കോടിന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും).
പൊയ്‌ലന്‍ മമ്മുഞ്ഞിക്കയുടെ വില്ലീസ് ജീപ്പിലായിരിക്കും യാത്ര. ബോണറ്റിലിരുന്നും പിറകില്‍ ഒറ്റക്കാല്‍ മാത്രം വച്ച് തൂങ്ങിയാടിയുമാണ് യാത്ര. പരമാവധി ആളുകളെ കുത്തി നിറച്ചിട്ടുണ്ടാവും. കേമന്‍മാരാണ് ബോണറ്റിലിരിക്കുക. 5 മുതല്‍ 7 രൂപ വരെയൊക്കെയാണ് ചാര്‍ജ്. യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന എനിക്കൊക്കെ ഇളവുണ്ടായിരുന്നു.
ജീപ്പില്‍ ഞങ്ങളെ നാടകം കാണാന്‍ കൊണ്ടുപോകുന്ന മമ്മുഞ്ഞിക്കക്ക് പക്ഷേ, നാടകം കാണാന്‍ പറ്റില്ല. അന്നേയുണ്ട്, അതിനുമെത്രയോ മുന്‍പേയുണ്ട് അവിടെ ആ വേര്‍തിരിവ്. ഇന്നുമത് തുടരുന്നു. അവിടെ കയറിപ്പോയ ഇതര മതത്തില്‍ പെട്ട സഹോദരങ്ങളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞുപിടിച്ച് ദൂരെയുള്ള കണ്ടത്തിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചവശരാക്കുന്നത് കേട്ടും കണ്ടും അറിഞ്ഞിട്ടുണ്ട് അന്നേ. പക്ഷേ അന്നത്തെ ബോര്‍ഡില്‍ ‘അഹിന്ദുക്കള്‍’ എന്നാണെഴുതിയിരുന്നതെങ്കില്‍ ഇന്നത് ‘മുസ്‌ലിം’എന്നു തന്നെയായിരിക്കുന്നു. (ഇസ്‌ലാമോഫാബിയ വളര്‍ത്തി വലുതാക്കിയെടുക്കുന്നതില്‍ വിജയിച്ച നവ ഹൈന്ദവ ഫാസിസ്റ്റുകളുടെ സ്വാധീനം തന്നെയാണിതിനു പിന്നില്‍).