കൊച്ചി: കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജാരാവാന്‍ സാധിക്കില്ലെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഹാജരാവാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി ഇ.ഡിയെ സമീപിച്ചു.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തോട് ഇ.ഡി ഇനിയും പ്രതികരിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ഹാജരാവാനാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയോടാവശ്യപ്പെട്ടിരുന്നത്.
പാലാരിവട്ടം പാലം അഴിമതിയിയിലൂടെ ലഭിച്ച കള്ളപ്പണം ലീഗ് മുഖപത്രമായ ചന്ദ്രിക വഴി വെളുപ്പിച്ചു എന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം. മുന്‍ മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍ കുഞ്ഞാലിക്കുട്ടിയ്ക്കും മകനുമെതിരായ തെളിവുകള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.
ചന്ദ്രികയിലെ കള്ളപ്പണം ഉപയോഗിച്ച് ഭൂമി വാങ്ങിയത് ഉള്‍പ്പെടെ ഉള്ള തെളിവുകള്‍ കൈമാറിയെന്നാണ് ജലീല്‍ പറഞ്ഞത്. വില്ലേജ് ഓഫീസിലെ ഭൂമി ഇടപാട് രേഖകള്‍ അടക്കം കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രികയുടെ മറവില്‍ കോഴിക്കോട് നഗരത്തില്‍ കണ്ടല്‍ക്കാടും തണ്ണീര്‍ത്തടവും അടങ്ങുന്ന ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയെന്നും സംസ്ഥാന ഭരണം ലഭിച്ചാല്‍ അധികാരമുപയോഗിച്ച് ഇവിടെ നിര്‍മാണം നടത്താനായിരുന്നു പദ്ധതിയെന്നും കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു.