മുഈന്‍ അലി തങ്ങളെ വീല്‍ചെയറിലാക്കുമെന്ന് ഭീഷണി; റാഫി പുതിയകടവിനെ തള്ളിപറഞ്ഞ് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാണക്കാട് സയ്യിദ് മുഈന്‍ അലി തങ്ങളെ വീല്‍ചെയറില്‍ ഇരുത്തുമെന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ ഭീഷണിയില്‍ പ്രതികരിച്ച് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികള്‍ ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റാത്ത പ്രസ്താവനകള്‍ ആണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുമ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും സമൂഹത്തിലെ ആര്‍ക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് തന്നെ ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമായ വിഷയമാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മുസ്‌ലിം ലീഗ് പാര്‍ട്ടി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ലെന്നും അത്തരം പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ അതത് സമയത്ത് തന്നെ പാര്‍ട്ടി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിലും കര്‍ശനമായ നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
അതേസമയം പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരായ വധഭീഷണി ഒരു കുറ്റകൃത്യമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. കുറച്ച് കാലങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പാണക്കാട് സയ്യിദന്മാരെ അവഹേളിക്കാനും അപമാനിക്കാനും ചെറുതെങ്കിലും ചില ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തങ്ങള്‍ക്കെതിരെയുള്ള നിലവിലെ ഈ ഭീഷണിയെന്നും നവാസ് ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും നവാസ് വ്യക്തമാക്കി.
പാണക്കാട് മുഈന്‍ അലി തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് റാഫി പുതിയകടവിന്റെ ആ പൂതി മനസിലിരിക്കട്ടെയെന്ന് തങ്ങളെ വീല്‍ചെയറില്‍ ഇരുത്തുമെന്ന ഭീഷണിയില്‍ സി.പി.ഐ.എം നേതാവായ കെ.ടി. ജലീലും പ്രതികരിച്ചു.
ഭീഷണി മുഴക്കിയ റാഫി പുതിയകടവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight: Kunhalikutty rejects Rafi Puthiyakadav