മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ അപാകതയില്ല; വിശദീകരണവുമായി എം.കെ മുനീര്‍
Kerala News
മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ അപാകതയില്ല; വിശദീകരണവുമായി എം.കെ മുനീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th December 2018, 4:53 pm

മലപ്പുറം: മുത്തലാഖ് ബില്‍ വോട്ടെടുപ്പിനിട്ട ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താത്തതില്‍ അപാകതിയില്ലെന്ന് എം.എല്‍.എ എം.കെ മുനീര്‍ . മുത്തലാഖ് ബില്‍ ബഹിഷ്‌കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനമെന്നും അദ്ദഹം പറഞ്ഞു.

“ഇതിനെ ബഹിഷ്‌കരിക്കുക എന്ന തീരുമാനം ഇതിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ പ്രതിഷേധിച്ച് വിട്ടു നിന്നതല്ല. അതിനെക്കുറിച്ച് അദ്ദേഹം തന്നെ വ്യക്തമായി പറയും”- കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എം.കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്‌ലിം സമുദായത്തെ സംബന്ധിച്ച സുപ്രധാനമായ ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി എം.പി യുടെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു. അദ്ദേഹം തന്റെ സുഹൃത്തിന്റെ മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റില്‍ എത്താതിരുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിന്ന് മുസ്ലിം ലീഗ് എം.പി കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിനെ വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തിയരുന്നു. അദ്ദഹം ചെയ്തത് വലിയ അപരാധമെന്നായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം. മുസ്ലിം ലീഗ് ഉള്ളിടത്തോളം കാലം ഇത് തീരാകളങ്കമായരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ ഉത്തരവാദിത്വം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ അസാന്നിധ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിയോട് എം.പി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ ലീഗ് ആവശ്യപ്പെടണമെന്നും ജലീല്‍ പറഞ്ഞു.

മുത്തലാഖ് ബില്‍ മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുന്‍പ് റഞ്ഞിരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും ഇതിനെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് ശക്തമായ ചെറുത്ത് നില്‍പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം തന്നെ കുഞ്ഞാലിക്കുട്ടി ഇല്ലാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് എം.കെ മുനീര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.