| Friday, 22nd January 2021, 11:57 am

യു.ഡി.എഫ് ആണ് വേണ്ടതെങ്കില്‍ വോട്ടൊക്കെ ഒറ്റപ്പെട്ടിയില്‍ വീഴും; ഭരണതുടര്‍ച്ച എല്‍.ഡി.എഫിന്റെ വ്യാമോഹമെന്ന് കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മറ്റൊരു ചിത്രമായിരിക്കും ഉണ്ടാവുകയെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അവസ്ഥയായിരിക്കില്ല ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ആയിരിക്കും തെരഞ്ഞെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

‘വോട്ടുകള്‍ റിബലുകള്‍ക്കും സ്വതന്ത്രര്‍ക്കും ബി.ജെ.പിക്കും പോവില്ല. എല്‍.ഡി.എഫ് അല്ല യു.ഡി.എഫ് ആണ് വേണ്ടത് എന്നുണ്ടെങ്കില്‍ യു.ഡി.എഫിന് കിട്ടേണ്ട വോട്ട് ഒറ്റപ്പെട്ടിയില്‍ വരും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ ചിത്രം മാറും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി വേണ്ട, കോണ്‍ഗ്രസ് മതിയെന്ന് ജനങ്ങള്‍ തീരുമാനിച്ചു. കോണ്‍ഗ്രസിന് 19 സീറ്റുകള്‍ കൊടുത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് അധികാരത്തില്‍ വരേണ്ടെന്ന് തീരുമാനിക്കുന്നവര്‍ പോലും യു.ഡി.എഫിന് വോട്ട് ചെയ്യും. അതുകൊണ്ട് യു.ഡി.എഫ് സ്വാഭാവികമായും അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം വെച്ച് എല്‍.ഡി.എഫ് ഭരണം കിട്ടുമെന്ന് മോഹിക്കുന്നത് വെറുതെയാണ്. അത് വ്യാമോഹമാണ്. അതുകൊണ്ട് ഭരണ തുടര്‍ച്ച ഒരിക്കലും ഉണ്ടാകില്ല. ഭരണമാറ്റമാണുണ്ടാവുക.

അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഒരു ഭരണമാറ്റമാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്, അതുണ്ടാകും. അതിനനുസരിച്ചുള്ള ഒരു മാനിഫെസ്‌റ്റോയുമായി യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunhalikkutty says UDF will the upcoming election

We use cookies to give you the best possible experience. Learn more