മലപ്പുറം: കണ്ണൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കൊലയാളികള്‍ അനുവദിച്ചില്ലെന്നും വെട്ടേറ്റ് കാല്‍ അറ്റുപോയ മന്‍സൂര്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.ഐ.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. സമൂഹമാധ്യമങ്ങളില്‍ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്.
മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്‌നമുണ്ടായിട്ടും പൊലീസ് നിഷ്‌ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശിയാണ് മരിച്ച മന്‍സൂര്‍. ആക്രമണം നടന്ന ഉടനെ മന്‍സൂറിനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരിക്കുകയായിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ മുഹ്സിന്‍ കോഴിക്കോട് ചികിത്സയിലാണ്.
ഇന്നലെ രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ മേഖലയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.
മന്‍സൂറും സഹോദരനും കൂടി വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു സംഘമെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് മുസ്‌ലിം ലീഗ് ആരോപിക്കുന്നത്.
എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആക്രമണത്തില്‍ പരുക്കേറ്റ മുഹ്സിന്‍ പറഞ്ഞിട്ടുണ്ട്. 20തോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നും മുഹ്സിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിട്ടുണ്ട്.
തന്നെയാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെന്നും പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയതെന്നും മുഹ്സിന്‍ പറഞ്ഞു. തന്നെ ആക്രമിക്കുന്നത് കണ്ടതിന് ശേഷമാണ് സഹോദരന്‍ മന്‍സൂര്‍ ഓടിയെത്തിയത്. തുടര്‍ന്ന് മന്‍സൂറിനെയും ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മന്‍സൂറിനെയും മുഹ്‌സിനെയും അക്രമിച്ച സംഘത്തില്‍ 14ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു.
മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക