കുണ്ടറ: കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് വെച്ച കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍. അടുത്ത 14 ദിവസത്തേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. പ്രതികളായ കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുണ്ടറ പൊലീസ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍, ട്രെയിന്‍ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ട്രാക്കില്‍ പോസ്റ്റ് വെച്ചതെന്നാണ് പറയുന്നത്.
കേരള പൊലീസിന് പുറമെ പ്രതികളെ എന്‍.ഐ.എയും റെയില്‍വേയുടെ മധുര ആര്‍.പി.എഫ് വിഭാഗവും ചോദ്യം ചെയ്തു. മുറിച്ച് വില്‍ക്കാന്‍ വേണ്ടിയാണ് പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടുവെച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിക്കപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്.
കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്‌സ് ജങ്ഷന് സമീപത്തെ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ട പ്രദേശവാസിയായ ഒരു യുവാവ് റെയില്‍വേ ജീവനക്കാരെയും എഴുകോണ്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ട്രാക്കില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തു. ട്രാക്കില്‍ രണ്ട് തവണ പോസ്റ്റ് വെച്ച്പ്രതികള്‍ അപകടമുണ്ടാക്കാന്‍ ശ്രമം നടത്തിയിട്ടണ്ട്.
സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
Content Highlight: Kundara train sabotage case; Accuses remanded for 14 days