തിരുവനന്തപുരം: കുണ്ടറയിലെ പീഡന പരാതി മന്ത്രി എ.കെ. ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച ആരോപണത്തില്‍ എന്‍.സി.പി. നേതാക്കള്‍ക്കെതിരെ നടപടിയെടുത്തു. പരാതി നല്‍കിയ യുവതിയുടെ അച്ഛന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്.
സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി എന്‍.സി.പി. അറിയിച്ചു. എന്‍.വൈ.സി. കൊല്ലം പ്രസിഡന്റ് ബിജുവിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ചേര്‍ന്ന ഭാരവാഹി യോഗത്തിനു പിന്നാലെയാണ് തീരുമാനം. എന്‍.സി.പിയുടെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
അതേസമയം, ഫോണ്‍ വിളിയില്‍ ശശീന്ദ്രന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നാണ് എന്‍.സി.പി.വിലയിരുത്തിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രനോട് ഫോണ്‍ സംഭാഷണത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഇനി ശുപാര്‍ശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങള്‍ക്ക് സമീപിക്കാവൂ എന്നുമാണ് എന്‍.സി.പിയുടെ തീരുമാനം.
കഴിഞ്ഞ ആഴ്ചയാണ് എന്‍.സി.പി. നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്‌സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS : Kundara torture complaint lodged by Minister AK Shashindran of trying to compromise NCP hasTook action against NCP leaders