പുള്ളി അന്ന് അത്രയ്ക്ക് ഫേമസ് അല്ല, എങ്കിലും രാവിലെ എഴുന്നേറ്റ് ടെറസില്‍ പോയി എക്‌സര്‍സൈസ് ഒക്കെ ചെയ്യും; ചിരഞ്ജീവിയോടൊപ്പം താമസിച്ച അനുഭവം പങ്കുവെച്ച് കുണ്ടറ ജോണി
Entertainment news
പുള്ളി അന്ന് അത്രയ്ക്ക് ഫേമസ് അല്ല, എങ്കിലും രാവിലെ എഴുന്നേറ്റ് ടെറസില്‍ പോയി എക്‌സര്‍സൈസ് ഒക്കെ ചെയ്യും; ചിരഞ്ജീവിയോടൊപ്പം താമസിച്ച അനുഭവം പങ്കുവെച്ച് കുണ്ടറ ജോണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th October 2021, 4:29 pm

ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ക്രൈം, കിരീടം, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് കുണ്ടറ ജോണി.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയോടൊപ്പം ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് താരം ഇപ്പോള്‍. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറക്കുന്നത്.

മദ്രാസ് ആര്‍.കെ ലോഡ്ജില്‍ ഷൂട്ടിംഗ് സമയത്ത് ഇരുവരും ഒരേ നിലയിലായിരുന്നു താമസിച്ചിരുന്നതെന്നും അന്ന് ചിരഞ്ജീവി അത്ര പ്രശസ്തനായിരുന്നില്ല എന്നും ജോണി പറയുന്നു.

‘ഞങ്ങള്‍ ഒരേ നിലയിലായിരുന്നു താമസം. ഞാന്‍ ആര്‍. കെയിലെ 44ാം നമ്പര്‍ മുറിയിലും, ചിരഞ്ജീവി 41ാം നമ്പര്‍ മുറിയിലുമായിരുന്നു. പുള്ളി അന്ന് അത്രയ്ക്ക് ഫേമസ് അല്ല, എന്നാലും രാവിലെ എഴുന്നേറ്റ് ടെറസില്‍ പോയി എക്‌സസര്‍സൈസ് ഒക്കെ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെ പോലെ ബോഡി മെയ്‌ന്റൈന്‍ ചെയ്യുമായിരുന്നു.

അക്കാലത്ത് സിനിമാ വിശേഷങ്ങള്‍ അറിയുന്നത് നാനയിലൂടെയായിരുന്നു. ഞാന്‍ പുറത്ത് പോയി വരുമ്പോള്‍ നാന പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വരുമായിരുന്നു. എന്റെ റൂമിലേക്ക് പോകുന്ന വഴിയിലാണ് ചിരഞ്ജീവിയുടെ റൂം.

ഞാനിതും കൊണ്ട് പോവുമ്പോള്‍ സാര്‍ കൊടുങ്കോ എന്ന് പറഞ്ഞ് പുള്ളി എന്റെ കയ്യില്‍ നിന്ന് നാന വാങ്ങി മറിച്ച് നോക്കും. എന്റെ ഫോട്ടോ കാണുമ്പോള്‍ സാര്‍ ഉങ്കളുടെ ഫോട്ടോ എന്ന് പറഞ്ഞ് എനിക്ക് കാണിച്ച് തരും, സിനിമാ വിശേഷങ്ങളൊക്കെ ചോദിക്കും.

അന്ന് പുള്ളി വളര്‍ന്ന് വരുന്ന സമയമാണ്. കാണുമ്പോഴൊക്കെ വിശേഷം ചോദിച്ചും സംസാരിച്ചും എപ്പോഴും കൂടെയുണ്ടാവാറുണ്ട്. പിന്നെ പുള്ളി പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ അങ്ങ് വളര്‍ന്നു,’ ജോണി പറയുന്നു.

2019ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍ പവനായി 99.99’ എന്ന ചിത്രമാണ് ജോണിയിയുടേതായി അവസാനം പുറത്ത് വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kundara Johny shares his experience with Chiranjeevi