| Sunday, 10th October 2021, 6:00 pm

പുള്ളിക്ക് വലിയ വിഷമമായി, കാറില്‍ കൊണ്ടുചെന്നാക്കാം എന്ന് വരെ പറഞ്ഞു; സത്യരാജുമായുള്ള ഫൈറ്റ് സീക്വന്‍സനിടെ സംഭവിച്ച അപകടം വിവരിച്ച് കുണ്ടറ ജോണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കഥാപാത്രമാണ് കുണ്ടറ ജോണി. കോമഡി റോളുകളും വില്ലന്‍ കഥാപാത്രങ്ങളും അനായാസം ചെയ്താണ് ജോണി മലയാളികളുടെ ഹൃദയത്തിലിടം നേടിയത്.

സൂപ്പര്‍ താരം സത്യരാജിനൊപ്പം ചെയ്ത ഫൈറ്റ് സീക്വന്‍സിനെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. കാന്‍ ചാനലിന് നല്‍കിയ അഭിമൂഖത്തിലാണ് ജോണി ഇക്കാര്യം വെളിപ്പെടുന്നുന്നത്.

‘തമിഴില്‍ ബ്രഹ്മ എന്ന പടത്തിലായിരുന്നു ആദ്യമായി ഒരു ഫൈറ്റില്‍ എനിക്ക് അപകടം പറ്റുന്നത്. സത്യരാജ് അതില്‍ ഒരു ചിത്രകാരനായാണ് അഭിനയിക്കുന്നത്. പെയിന്റ് മിക്സ് ചെയ്ത പാട്ടയെടുത്ത് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അടിക്കും. അതിന്് വേണ്ടി തറയില്‍ മുഴുവന്‍ പെയിന്റും ഡിസ്റ്റമ്പറും ഒക്കെ ഒഴിച്ച് സെറ്റാക്കിയിട്ടുണ്ടായിരുന്നു. ഫൈറ്റില്‍ ഞാന്‍ ജംപ് കിക്ക് ചെയ്യുന്ന ഭാഗമുണ്ടായിരുന്നു. പെയിന്റില്‍ വഴുക്കി ഞാന്‍ മുഖമടിച്ച് വീണു, പുരികത്തിന്റെ മുകള്‍ ഭാഗം പൊട്ടി ചോരയൊലിക്കുകയായിരുന്നു.

ഇത് കണ്ടപാടെ സത്യരാജ് ഒന്നാകെ ടെന്‍ഷനായി. അടുത്ത് വന്ന് കാര്യങ്ങളൊക്കെ ചോദിച്ചു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി, സ്റ്റിച്ച് ഒക്കെ ഇട്ടു. തിരിച്ച് റൂമിലെത്തിയപ്പോഴും സത്യരാജ് കൂടെയുണ്ട്. പ്രശ്നമൊന്നുമില്ലല്ലോ, വേദനയുണ്ടോ എന്നിങ്ങനെ ഇടക്കിടെ ചോദിച്ചു കൊണ്ടേയിരുന്നു.

സത്യരാജ് തന്നെയാണ് സിനിമ നിര്‍മിക്കുന്നതും. രാവിലത്തെ വിമാനത്തില്‍ തന്നെ വിടാനുള്ള ഏര്‍പ്പാട് ചെയ്യാം എന്ന് പുള്ളി പറഞ്ഞു. അടുത്ത ദിവസം വൈകീട്ടുള്ള ട്രെയിനില്‍ പോവാം എന്ന് ഞാന്‍ പറഞ്ഞു.

പിറ്റേ ദിവസം സത്യരാജ് രാവിലെ റൂമില്‍ വന്നു. അന്നൊക്കെ സത്യരാജ് കത്തി നില്‍ക്കുന്ന സമയമാണ്. അദ്ദേഹം ലോഡ്ജിലെത്തിയപ്പോഴേക്കും അവിടെ അളുകളുടെ ബഹളം. റൂമിലെത്തി ഞങ്ങള്‍ കുറേ സംസാരിച്ചു. അദ്ദേഹത്തിന് വല്ലാത്ത വിഷമം. കാറില്‍ കൊണ്ടുവിടാം എന്ന് വരെ പറഞ്ഞു.

വേണ്ട ട്രെയിനില്‍ തന്നെ പോവാം എന്ന് പറഞ്ഞപ്പോള്‍ എ.സി കമ്പാര്‍ട്ടമെന്റും ബുക്ക് ചെയ്ത് തന്ന് യാത്രയാക്കിയ ശേഷമാണ് അദ്ദേഹം പോയത്. പിന്നെ റെസ്റ്റ് ഒക്കെ കഴിഞ്ഞാണ് സിനിമ പൂര്‍ത്തിയാക്കിയത്,’ ജോണി പറയുന്നു.

2019ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ പവനായിയിലാണ് ജോണി അവസാനമായി വേഷമിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kundara Johny shares his experience with Sathyaraj

Latest Stories

We use cookies to give you the best possible experience. Learn more