കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ എന്‍.സി.പിയില്‍ കൂട്ട പുറത്താക്കല്‍. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പരാതിക്കാരിയുടെ അച്ഛന്‍, ആരോപണ വിധേയരായ ജി.പത്മാകരന്‍, രാജീവ് എന്നിവരെയാണ് പുറത്താക്കിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന യുവതിയെ, പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നുപിടിച്ചെന്നാണ് പരാതി. യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ജി.പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത്. പരാതി നല്ലരീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.
കൊല്ലത്തു നിന്നുളള സംസ്ഥാന സമിതി അംഗം പ്രദീപും പാര്‍ട്ടിക്ക് പുറത്തായി. മന്ത്രി ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെട്ടത് പ്രദീപ് പറഞ്ഞതു പ്രകാരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയന്‍ പുത്തന്‍ പുരക്കല്‍ (എറണാകുളം), എസ്.വി. അബ്ദുള്‍ സലീം (കോഴിക്കോട് ), ബിജു ബി. (കൊല്ലം), ഹണി വിറ്റോ (തൃശൂര്‍) എന്നിവരെയും പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്.
ശശീന്ദ്രന്‍ വിഷയത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചവരാണ് ഈ നേതാക്കള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Kundara Case; Expulsion in NCP