| Sunday, 23rd February 2020, 10:41 pm

കാസറകോട് ബി.ജെ.പിയില്‍ പൊട്ടിത്തെറി? രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് മുതിര്‍ന്ന നേതാവ്; രാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസറകോട്: കാസറകോട് ബി.ജെ.പിയില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. ജില്ലാ അധ്യക്ഷനായി അഡ്വ. കെ ശ്രീകാന്തിനെ വീണ്ടും നിയമിച്ചതിന് പിന്നാലെ ഇതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് രവീശ തന്ത്രി കുണ്ടാര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗത്വം രാജി വെച്ചു.

തന്റെ രാജിക്കത്ത് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് കൈമാറുമെന്നും രവീശതന്ത്രി പറഞ്ഞു. പാര്‍ട്ടി അംഗത്വം രാജി വെക്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. അടുത്തദിവസം ബി.ജെ.പി മഞ്ചേശ്വരം നിയോജന മണ്ഡലം കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മീയ രംഗത്ത് തുടരാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രനാണ് അവസാനനിമിഷം ശ്രീകാന്തിനെ ജില്ലാ അധ്യക്ഷനായി നാമനിര്‍ദ്ദേശം ചെയ്തത്. പാര്‍ട്ടിക്കുള്ളില്‍ കാസറകോടും മഞ്ചേശ്വരത്തുമടക്കം നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാതെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ശ്രീകാന്തിനെ വീണ്ടും തെരഞ്ഞെടുത്തതിലാണ് പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ട്.

അധ്യക്ഷ സ്ഥാനത്തേക്ക് ശ്രീകാന്തിന്റെയും രവീശ തന്ത്രിയുടെയും പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും ശ്രീകാന്തിനെ തെരഞ്ഞെടുക്കുകയായിരുന്നു. നാലാം തവണയാണ് ശ്രീകാന്ത് അധ്യക്, സ്ഥാനത്തേക്കെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രവീശതന്ത്രി കാസറകോട് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more