മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അറിയിപ്പ്. രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരച്ചിത്രമായ അറിയിപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് ഇന്നലെ കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഒരു ഫിലിം ഫെസ്റ്റിവലിനു താന്‍ പങ്കെടുക്കുന്നതെന്നും, 25 വര്‍ഷം വേണ്ടി വന്നു ഇവിടെ ഒന്ന് തല കാണിക്കാനെന്നും ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം താരം മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു അഭിനേതാവ് എന്ന നിലയിലും ഇതിന്റ ഒരു സഹ നിര്‍മാതാവ് എന്ന നിലയിലും സിനിമയുടെ ഭാഗമായിട്ട് ഇവിടെ വരുകയും ആള്‍ക്കാരോടൊപ്പം ഇരുന്ന് കാണുകയും ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. സിനിമയ്ക്കിടയില്‍ കിട്ടിയ കയ്യടികളും സിനിമ കഴിഞ്ഞപ്പോള്‍ ലഭിച്ച കയ്യടികളും എനിക്ക് മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ്. വളരെ സന്തോഷം, അഭിമാനം, ആശ്വാസം. നല്ലൊരു സിനിമ മലയാളത്തിലേക്ക് കൊണ്ടുവരണം എന്ന ആഗ്രഹത്തിന് പുറത്താണ് അറിയിപ്പ് ഞാന്‍ ചെയ്യുന്നത്.
മറ്റുള്ള ഫിലിം ഫെസ്റ്റിവല്‍സിനിടയില്‍ നിന്ന് കിട്ടിയതിനേക്കാളും കയ്യടികള്‍ സിനിമയുടെ ഇടയില്‍ പോലും ഐ.എഫ്.എഫ്.കെയില്‍ നിന്ന് ലഭിച്ചു. പ്രത്യേകം എടുത്തു പറയേണ്ട കാര്യം മലയാളി പൊളി ആണെന്നുള്ളതാണ്. ഇനിയും ഇതുപോലത്തെ നല്ല ചിത്രങ്ങളുമായി മഹേഷിന്റെ കൂടെ വരാന്‍ കഴിയട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മുന്‍പ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഡിസംബര്‍ 16ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തും. കുഞ്ചാക്കോ ബോബനൊപ്പം ദിവ്യ പ്രഭ, ഫൈസല്‍ മാലിക്, ലവെലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ബുസാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ബി.ഐ.എഫ്.എഫില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമ കൂടിയാണ്. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം ഇന്ത്യന്‍ പനോരമയിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.
നോയിഡയിലെ ഒരു ഗ്ലൗസ് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
content highlight: kunchcko boban talks about his new movie ariyippu