നസീര്‍ സാര്‍ അല്ലാതെ വേറെ ആരും അന്ന് അങ്ങനെ പറയില്ല: കുഞ്ചന്‍
Entertainment
നസീര്‍ സാര്‍ അല്ലാതെ വേറെ ആരും അന്ന് അങ്ങനെ പറയില്ല: കുഞ്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th November 2024, 4:53 pm

അഞ്ച് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് കുഞ്ചന്‍. 1969ല്‍ മനൈവി എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാജീവിതമാണ് കുഞ്ചന്റേത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച കുഞ്ചന്‍ 650ലധികം ചിത്രങ്ങളില്‍ ഇതിനോടകം ഭാഗമായിട്ടുണ്ട്. മലയാളത്തിലെ നിത്യഹരിതനായകന്‍ പ്രേം നസീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കുഞ്ചന്‍.

താന്‍ സിനിമയിലെത്തിയ സമയത്ത് പ്രേം നസീര്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നെന്ന് കുഞ്ചന്‍ പറഞ്ഞു. ഒരേസമയം നാല് സിനിമകളില്‍ പ്രേം നസീര്‍ അഭിനയിക്കുന്ന സമയമായിരുന്നു അതെന്നും അതിലൊരു സിനിമയില്‍ ചെറിയ വേഷം താനും ചെയ്തിരുന്നെന്ന് കുഞ്ചന്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ താനും കൂടെയുള്ള ആര്‍ട്ടിസ്റ്റും തോട്ടില്‍ നിന്ന് തോര്‍ത്തുമുണ്ട് വിരിച്ച് മീന്‍ പിടിക്കുന്ന സീനാണ് എടുക്കാനുണ്ടായിരുന്നതെന്ന് കുഞ്ചന്‍ പറഞ്ഞു.

അതില്‍ മീനിന് പകരം ഒരു പാമ്പ് തോര്‍ത്തിലേക്ക് കേറുന്ന സീന്‍ എടുക്കാനുണ്ടായിരുന്നെന്നും തന്റെ മിസ്റ്റേക്ക് കാരണം ആ പാമ്പ് വെള്ളത്തിലേക്ക് പോയെന്നും കുഞ്ചന്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ ദിവസം ഷൂട്ട് തീര്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ സംവിധായകന്‍ തന്നെ ഒരുപാട് ചീത്തവിളിച്ചെന്നും താന്‍ വല്ലാത്ത അവസ്ഥയിലായെന്നും കുഞ്ചന്‍ പറഞ്ഞു.

ഒടുവില്‍ തന്റെ വിഷമം കണ്ട പ്രേം നസീര്‍ പിറ്റേന്ന് രാവിലെ വന്ന് അഭിനയിക്കാമെന്ന് സംവിധായകനോട് പറഞ്ഞെന്ന് കുഞ്ചന്‍ കൂട്ടിച്ചേര്‍ത്തു. താനും സംവിധായകനും അതുകേട്ട് അത്ഭുതപ്പെട്ടെന്നും പ്രേം നസീറല്ലാതെ വേറൊരു നടനും അങ്ങനെ ചെയ്യില്ലെന്നും കുഞ്ചന്‍ പറഞ്ഞു. ഇന്നത്തെ നടന്മാരില്‍ ഒരാളെപ്പോലും ആ രംഗത്ത് സങ്കല്പിക്കാന്‍ കഴിയില്ലെന്നും അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും കുഞ്ചന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ സിനിമയിലെത്തിയ കാലത്ത് നസീര്‍ സാര്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. ഒരേസമയം നാല് സിനിമകളില്‍ അദ്ദേഹം അഭിനയിക്കുന്ന സമയമായിരുന്നു അത്. അങ്ങനെ ശശിശങ്കര്‍ സാറിന്റെ ഒരു സിനിമയില്‍ നസീര്‍ സാറിനൊപ്പം ഞാനുമുണ്ടായിരുന്നു. അതില്‍ മീന്‍ പിടിക്കുന്ന സീനായിരുന്നു എടുത്തത്. തോട്ടില്‍ തോര്‍ത്തുമുണ്ട് വെച്ച് മീന്‍ പിടിക്കുമ്പോള്‍ ഒരു പാമ്പ് വരുന്ന സീന്‍ ഉണ്ട്.

പക്ഷേ എന്റെ മിസ്റ്റേക്ക് കാരണം ആ പാമ്പ് വെള്ളത്തിലേക്ക് പോയി. അതിനെ കിട്ടാതെ ഷൂട്ട് നടക്കില്ല. ശശിശങ്കര്‍ സാര്‍ അത് കണ്ട് എന്നെ ഒരുപാട് ചീത്തവിളിച്ചു. കാരണം, നസീര്‍ സാറിനെ ഇനി കിട്ടില്ല. ഒടുക്കം എന്റെ വിഷമം കണ്ട് അദ്ദേഹം സംവിധായകനോട് ‘സാറേ, ആ പയ്യനെ ഇനി ചീത്ത വിളിക്കണ്ട, ഞാന്‍ നാളെ രാവിലെ വന്ന് അഭിനയിക്കാം,’ ഞാനും ശശി സാറും അത് കേട്ട് അത്ഭുതപ്പെട്ടു. നസീര്‍ സാറല്ലാതെ വേറൊരു നടനും അങ്ങനെ ചെയ്യില്ല,’ കുഞ്ചന്‍ പറയുന്നു.

Content Highlight: Kunchan shares the memories about Prem Nazir