| Thursday, 9th February 2023, 11:53 pm

കാശിന്റെ കാര്യം പറഞ്ഞ് ഞാന്‍ ആശങ്കപ്പെട്ടു, മമ്മൂക്ക നില്‍ക്കുന്നത് കണ്ടില്ല, പിറ്റേന്ന് അദ്ദേഹം പതിനായിരം രൂപ കൊണ്ടുതന്നു: കുഞ്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയത്ത് മമ്മൂട്ടി സഹായിച്ചതിനെ പറ്റി പറയുകയാണ് കുഞ്ചന്‍. അന്ന് വലിയ അടുപ്പമില്ലാതിരുന്നിട്ടും തന്റെ കല്യാണത്തിന് മമ്മൂട്ടി പണം തന്ന് സഹായിച്ചെന്നും വലിയ മനസിന് ഉടമയാണ് അദ്ദേഹമെന്നും കുഞ്ചന്‍ പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കുഞ്ചന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്.

‘ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത് വിദ്യ വാഹിനി സ്റ്റുഡിയോയില്‍ വെച്ചാണ്. അന്നദ്ദേഹം വേറെ ഏതോ സിനിമയുടെ ഷൂട്ടിങ്ങിന് വന്നതാണ്. അന്നെന്റെ കല്യാണം അടുത്തിരിക്കുന്ന സമയമായിരുന്നു. കല്യാണം ഒക്കെ അടുത്തുവരുന്നു, ഒരു പതിനായിരം രൂപ എങ്കിലും കയ്യില്‍ വേണമെന്ന് ഞാന്‍ സ്റ്റുഡിയോയില്‍ ഇരുന്നു പറഞ്ഞു. അദ്ദേഹം നില്‍ക്കുന്നത് കണ്ടിട്ടില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറയാതെ തന്നെ ഒരു പതിനായിരം രൂപ എന്റെ കയ്യില്‍ കൊണ്ടുവന്നു തന്നു. കല്യാണം ഒക്കെ കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞ് പോയി. പിന്നീട് ഞാന്‍ രണ്ട് മാസം കഴിഞ്ഞപ്പോള്‍ തിരിച്ച് കൊടുത്തു. കാണുമ്പോള്‍ സംസാരിക്കുമെന്നതല്ലാതെ അന്നങ്ങനെ വലിയ സൗഹൃദം ഒന്നുമില്ല ഞങ്ങള്‍ തമ്മില്‍. അത്രയും നല്ല മനസിനുടമയാണ് അദ്ദേഹം,’ കുഞ്ചന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തുമായി തനിക്ക് സഹോദര തുല്യമായ ബന്ധമാണ് ഉള്ളതെന്നും ചെറുപ്പത്തില്‍ അവരെ എടുത്തുകൊണ്ട് നടന്നിട്ടുണ്ടെന്നും കുഞ്ചന്‍ പറഞ്ഞു.

‘സുലു എന്റെ ജ്യേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്. ചെറുപ്പം മുതലേ ഞാന്‍ കാണുന്നതാണ്. അവളും എന്നെ ഒരു ചേട്ടനെ പോലെയാണ് കാണുന്നത്. ഞാന്‍ എടുത്തുകൊണ്ട് നടന്നതാണ് അവളെ. നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ് അവള്‍. അതുപോലെ തന്നെയാണ് മക്കളും.

ദുല്‍ഖറിനായാലും മകള്‍ക്കായാലും എന്തൊക്കെ അഹങ്കാരം വേണമെങ്കിലും കാണിക്കാം. ഞാന്‍ ഇപ്പോള്‍ റോഡില്‍ കൂടി പോവുകയാണെകില്‍ അവള്‍ വണ്ടി നിര്‍ത്തി കുഞ്ചന്‍ അങ്കിള്‍ എന്നും പറഞ്ഞു കെട്ടിപിടിച്ച് ഉമ്മ തന്നിട്ടേ പോവുകയുള്ളു. അത്രയും എളിമയുള്ളവരാണ് അവര്‍. അതിനു കാരണം വളര്‍ത്തിയതിന്റെ ഗുണമാണ്. എത്രയോ ആക്ടേഴ്സിന്റെ മക്കളെ നമ്മള്‍ കണ്ടിരിക്കുന്നു. ചിലര്‍ നന്നാകും ചിലര്‍ നന്നാകില്ല. അതൊക്കെ അവരെ വളര്‍ത്തിയെടുക്കുന്നതിന്റെ ഗുണമാണ്. അതിപ്പോള്‍ നമ്മുടെ മക്കളായാലും നമ്മള്‍ വളര്‍ത്തുന്ന രീതി അനുസരിച്ചിരിക്കും,’ കുഞ്ചന്‍ പറഞ്ഞു.

പുഴു ആണ് ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം. റത്തീന സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷം മെയ് 13ന് സോണി ലിവിലാണ് റിലീസ് ചെയ്തത്. പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, കോട്ടയം രമേശ്, നെടുമുടി വേണു എന്നിവരാണ് മറ്റ് കഥാപാത്രങ്ങള അവതപ്പിച്ചത്.

Content Highlight: Kunchan is talking about how Mammootty helped him when he was facing financial difficulties

We use cookies to give you the best possible experience. Learn more