| Tuesday, 15th October 2024, 10:14 pm

ബോഗെയ്ന്‍വില്ലയുടെ ആ ഭാഗത്ത് ബിലാലിനെക്കുറിച്ചുള്ള സൂചനയുണ്ടാകും: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീക്വലുകളിലൊന്നാണ് ബിലാല്‍. 2007ല്‍ റിലീസായ ബിഗ് ബിയുടെ സീക്വലാണ് ബിലാല്‍. അമല്‍ നീരദ് എന്ന സംവിധായകന്‍ മലയാളത്തിലേക്ക് തന്റെ വരവറിയിച്ച ചിത്രം കൂടിയാണ് ബിഗ് ബി. മമ്മൂട്ടിയായിരുന്നു ബിഗ് ബിയിലെ നായകന്‍. എന്നാല്‍ റിലീസ് ചെയ്ത സമയത്ത് ബിഗ് ബി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല. പിന്നീട് കാലംതെറ്റിയിറങ്ങിയ സിനിമയെന്ന് ബിഗ് ബിയെ പലരും വാഴ്ത്തി.

മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന് വലിയ ഫാന്‍ ബേസ് പിന്നീട് ഉണ്ടായി. 2017ല്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ബിഗ് ബിയുടെ സീക്വല്‍ എന്ന നിലയില്‍ അമല്‍ നീരദ് ബിലാലിന്റെ ആദ്യ അപ്‌ഡേറ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ അനൗണ്‍സ് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇടക്ക് ചിത്രീകരണം ആരംഭക്കാനിരുന്ന ബിലാല്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെക്കേണ്ടി വന്നു.

അമല്‍ നീരദ് ഓരോ സിനിമ ചെയ്യുമ്പോഴും ആരാധകര്‍ ചോദിക്കുന്നത് ബിലാലിന്റെ അപ്‌ഡേറ്റാണ്. അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ബോഗെയ്ന്‍വില്ലയുടെ പ്രസ്മീറ്റിലും ഇതേ ചോദ്യം വന്നിരുന്നു. ബിലാലില്‍ കുഞ്ചാക്കോ ബോബനും ഭാഗമാകുമോ എന്നായിരുന്നു ചോദ്യം. ബോഗെയ്ന്‍വില്ലയുടെ എന്‍ഡ് ക്രെഡിറ്റില്‍ ബിലാലിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഉണ്ടാകുമെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ഫഹദ് ഫാസില്‍ ബോഗെയ്ന്‍വില്ലയില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്.

‘ബിലാല്‍ വരുമോ ഇല്ലയോ, അതില്‍ ഞാന്‍ ഭാഗമാകുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഞാനല്ല, എന്നിരുന്നാലും ബോഗെയ്ന്‍വില്ലയുടെ എന്‍ഡ് ക്രെഡിറ്റില്‍ ബിലാലിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഉണ്ടാകുമെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ,’കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ഉദയാ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ അമല്‍ നീരദും കുഞ്ചാക്കോ ബോബനുമാണ് ബോഗെയ്ന്‍വില്ല നിര്‍മിക്കുന്നത്. ജ്യോതിര്‍മയിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ ഷറഫുദ്ദീന്‍, വീണാ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സുഷിന്‍ ശ്യാം സംഗീതസംവിധാനവും ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും.

Content Highlight: Kunchako Boban shares the update of Bilal

We use cookies to give you the best possible experience. Learn more