ട്രാഫിക്കില്‍ എനിക്കും ആസിഫിനും പകരം വിനീതും ധ്യാനുമായിരുന്നു, വണ്ടിയോടിക്കുന്നത് ശ്രീനിയേട്ടനാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ജീവനും കൊണ്ട് ഓടി: കുഞ്ചാക്കോ ബോബന്‍
Entertainment
ട്രാഫിക്കില്‍ എനിക്കും ആസിഫിനും പകരം വിനീതും ധ്യാനുമായിരുന്നു, വണ്ടിയോടിക്കുന്നത് ശ്രീനിയേട്ടനാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ജീവനും കൊണ്ട് ഓടി: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th June 2024, 10:14 pm

മലയാളസിനിമയുടെ ഗതിമാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്. ഒരു ദിവസത്തെ കഥ പറഞ്ഞ ചിത്രത്തില്‍ ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ശ്രീനിവാസനുമൊത്തുള്ള ഡ്രൈവിങ് അനുഭവം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചു. ഡ്രൈവിങ് തീരെ അറിയാത്ത ശ്രീനിവാസന്റെ കൂടെ കാറില്‍ യാത്ര ചെയ്തത് ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ചിത്രത്തില്‍ തനിക്കും ആസിഫിനും പകരം ആദ്യം തീരുമാനിച്ചത് വിനീത് ശ്രീനിവാസനെയും ധ്യാന്‍ ശ്രീനിവാസനെയുമായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ തമാശരൂപത്തില്‍ പറഞ്ഞു. ശ്രീനിവാസനാണ് കാറോടിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആദ്യം തന്നെ മരിക്കുന്ന കഥാപാത്രം വിനീത് ചോദിച്ചു വാങ്ങിയെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഗ്ര്‍ര്‍ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ശ്രീനിയേട്ടന് വണ്ടി തീരെ ഓടിക്കാന്‍ അറിയില്ല. എങ്ങനെയാണ് ആ സീനിലൊക്കെ വണ്ടിയോടിച്ചതെന്ന് ഒരു പിടിയുമില്ല. ഞാന്‍ ഹാന്‍ഡ് ബ്രേക്ക് പിടിക്കും, ആസിഫ് ഗിയര്‍ മാറ്റും അങ്ങനെയൊക്കെ ചെയ്തിട്ടാണ് ഇപ്പോള്‍ സിംഗള്‍ പീസില്‍ ഈ ഇന്റര്‍വ്യൂവിന് ഇരിക്കുന്നത്. ആ സിനിമയില്‍ എന്റെ റോള്‍ ധ്യാനിനും ആസിഫിന്റെ റോള്‍ വിനീതിനുമായിരുന്നു. ശ്രീനിയേട്ടനാണ് വണ്ടിയോടിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ രണ്ടാളും ജീവനും കൊണ്ട് ഓടി.

ആദ്യമേ മരിച്ച് കഴിഞ്ഞാല്‍ വലിയ പ്രശ്‌നമൊന്നുമില്ലല്ലോ എന്ന് വിചാരിച്ച് ആദ്യം തട്ടിപ്പോകുന്ന റോള്‍ വിനീത് ചോദിച്ചു വാങ്ങി. എനിക്ക് സിനിമയേ വേണ്ട എന്ന് പറഞ്ഞ് ധ്യാന്‍ അവിടന്ന് മുങ്ങി. പിന്നെ അവനെ കണ്ടിട്ടേയില്ല. ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസമാണ് ശ്രീനിയേട്ടന് ഡ്രൈവിങ് അറിയില്ലെന്ന കാര്യം ഞാന്‍ അറിഞ്ഞത്. ഇത്രയും വലിയ സിനിമയില്‍ വണ്ടിയോടിക്കുമ്പോള്‍ പേടിയാവില്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ‘ഞാനെന്തിന് പേടിക്കണം? നിങ്ങളല്ലേ പേടിക്കേണ്ടത്’ എന്നായിരുന്നു ശ്രീനിയേട്ടന്‍ പറഞ്ഞ മറുപടി.

Content Highlight: Kunchako Boban shares the experience with Sreenivasan in Traffic movie