സിനിമയുടെ പ്രൊമോഷന്‍ സമയം എന്ന് പറയുന്നത് എല്ലാവര്‍ക്കും സൗകര്യമുള്ള സമയം കൂടി ആവണമെന്ന് കുഞ്ചാക്കോ ബോബന്‍. പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു താരം. ചാവേറിന്റെ നിർമാതാവ് അരുൺ കുമാറിനൊപ്പം ന്യൂസ് 18 കേരളക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പ്രൊമോഷൻ സമയമെന്ന് പറയുന്നത് എല്ലാവർക്കും സൗകര്യമുള്ള സമയം കൂടി ആവണമെന്നുണ്ട്. അരുൺ ഒരു പ്രൊഡ്യൂസറാണ്. ഇദ്ദേഹത്തിനോട് ഞാൻ ആദ്യമേ പറഞ്ഞു എന്റെ അവസ്ഥകൾ നിങ്ങൾ മനസിലാക്കണമെന്ന് ‘ ഒന്നുകിൽ ഏതെങ്കിലും ഷൂട്ടിന്റെ ഇടെക്കാണെങ്കിൽ , അല്ലെങ്കിൽ ഞാൻ ഈ രാജ്യത്ത് ഇല്ലെങ്കിൽ, പിന്നെ അതുമല്ലെങ്കിൽ ആരോഗ്യകരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ’ ഈ സാഹചര്യങ്ങളിലൊന്നും എനിക്ക് പ്രൊമോഷന് വേണ്ടി ഇറങ്ങി തിരിക്കാൻ പറ്റില്ല. അതല്ലാതെ ഞാൻ ഏതെങ്കിലും പടത്തിന്റെ പ്രൊമോഷന് വരാതെ ഇരുന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ മനസ്സിലാവും.
വ്യക്തമായ കാരണങ്ങളില്ലാതെ ഒരു പടത്തിന്റെ പ്രൊമോഷന് വരാതിരിക്കേണ്ട ഒരു കാര്യവും എനിക്കില്ല. കാരണം ഞാൻ അഭിനയിച്ച ഒരു പടം വിജയിക്കുകയാണെങ്കിൽ അതിന്റെ ഏറ്റവും കൂടുതൽ ബെനഫിറ്റ് കിട്ടുന്നത് എനിക്കാണ്. 26 കൊല്ലമായി അത് മനസ്സിലാക്കാതിരിക്കാൻ മാത്രം ഞാൻ അത്ര വിഡ്ഢിയല്ല . പിന്നെ ആ ഒരു പടം അത്തരത്തിൽ നെഗറ്റീവ് പബ്ലിസിറ്റി വെച്ചിട്ട് പ്രൊജക്റ്റ് ചെയ്യേണ്ട സിനിമയായിരുന്നില്ല. അതുകൊണ്ട് ആ സമയത്ത് ഞാൻ അതിനെപ്പറ്റിയൊന്നും പറഞ്ഞില്ല. ഇപ്പോൾ എനിക്കതിനെപ്പറ്റി പറയാൻ താത്പര്യവുമില്ല. കാരണം ഞാൻ എന്താണ് ആരാണ് എന്നുള്ളത് 99% ആൾക്കാർക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ചാവേർ എന്ന സിനിമയുടെ പ്രൊമോഷന് കുഞ്ചാക്കോ ബോബൻ എപ്പോഴാണ് ഉണ്ടാവുക എന്നത് തങ്ങളോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് നിർമാതാവായ അരുൺ ഈ സമയം കൂട്ടിച്ചേർത്തു. ചാക്കോച്ചന്റെ കൃത്യമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ഇപ്പോൾ ഇരുന്ന് സംസാരിക്കുന്നതെന്നും അരുൺ പറഞ്ഞു.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേറാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. അർജുൻ അശോകനും ആന്റണി വർഗീസ് പെപ്പെയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Kunchako Boban says that the promotion time of the film should be a time convenient for everyone