| Thursday, 11th August 2022, 12:38 pm

കുഴി മാത്രമല്ല പ്രശ്‌നം, ചിത്രം സര്‍ക്കാരിനെയോ ഏതെങ്കിലും പാര്‍ട്ടിയെയൊ ടാര്‍ഗെറ്റ് ചെയ്യുന്നില്ല: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം സര്‍ക്കാരിനെയോ ഏതെങ്കിലും പാര്‍ട്ടിയെയൊ ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്ന് കുഞ്ചാക്കോ ബോബന്‍. സിനിമയില്‍ റോഡിലെ കുഴിയെ പറ്റി മാത്രമല്ല പറയുന്നതെന്നും സാധാരണക്കാരന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പറയുന്നതെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സിനിമ പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ട്. അത് കണ്ട് പ്രതികരിക്കുക. എന്നാല്‍ കുറച്ച് പേര്‍ അതിനപ്പുറം ചിന്തിച്ച് മറ്റ് തലങ്ങളിലേക്ക് പോവുകയാണ്. സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഒരു സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാണ് ആക്ഷേപഹാസ്യ രൂപത്തില്‍ പറയുന്നത്.

ഏതെങ്കിലും പാര്‍ട്ടിയെയൊ ജനവിഭാഗത്തെയോ മാത്രം ടാര്‍ഗെറ്റ് ചെയ്യുന്ന സ്വഭാവത്തിലല്ല സിനിമ പോകുന്നത്. മാറി മാറി വരുന്ന ഏത് സര്‍ക്കാരും ജനങ്ങളെ എങ്ങനെ മനസിലാക്കണമെന്നും ഏതൊക്കെ തരത്തിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നു എന്നതുമൊക്കെയാണ് വളരെ സിമ്പിളായി കാണിക്കുന്നത്.

സര്‍ക്കാരിനെയോ പാര്‍ട്ടിയെയൊ ടാര്‍ഗറ്റ് ചെയ്യുന്നില്ല. ആരാണ് എന്താണെന്നുള്ളതിന് ഉപരി സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ചിത്രത്തിന്റെ റിലീസിനോട് ബന്ധപ്പെട്ട് പുറത്ത് വിട്ട പോസ്റ്ററിലെ ക്യാപ്ഷന്‍ വിവാദമാകുന്നതിനിടയിലാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ‘തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. പിന്നാലെ ഇടത് പ്രൊഫൈലുകളില്‍ നിന്നും കടുത്ത വിമര്‍ശനം ക്യാപ്ഷനെതിരെ ഉയര്‍ന്നിരുന്നു. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

അതേസമയം പോസ്റ്റര്‍ വിവാദത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമും രംഗത്തെത്തിയിരുന്നു.

കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നുവെന്നും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്സിസ്റ്റ് വെട്ടുകിളികള്‍, ഇവന്മാര്‍ക്ക് പ്രാന്താണെന്നും വി.ടി. ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നു.

Content Highlight: Kunchako Boban says that the movie Nna Than case kodu is not targeting the government or any party

We use cookies to give you the best possible experience. Learn more