പങ്കാളിയായ പ്രിയ തന്റെ വലിയ വിമര്‍ശകയാണെന്ന് കുഞ്ചാക്കോ ബോബന്‍. തന്റെ പടം കണ്ട് ഒപ്പമിരുന്ന് കൂവിയിട്ടുണ്ടെന്നും അതേപോലെ നല്ല സിനിമകള്‍ കണ്ട് എക്‌സൈറ്റഡാവുകയും ചെയ്തിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രിയ ഒടുക്കത്തെ ക്രിട്ടിക്കാണ്. എന്റെ സ്വന്തം സിനിമക്ക് വന്ന് എന്റെ കൂടെ വന്ന് സൈഡില്‍ കാലിന്മേല്‍ കാലും കേറ്റിയിരുന്ന് കൂവിയിട്ടുള്ളവളാണ് അവള്‍. ഏത് പടമാണെന്നൊന്നും പറയാന്‍ പറ്റില്ല, സ്വന്തം ഭാര്യ കൂവി. ഇതേ പുള്ളിക്കാരി തന്നെ ന്നാ താന്‍ കേസ് കൊട് കണ്ട് എക്‌സൈറ്റഡായി. അഞ്ചാം പാതിരയും ഇഷ്ടപ്പെട്ടിരുന്നു. ഒരുപാട് പിന്തുണക്കുന്നുണ്ട്. റിയാലിറ്റി ചെക്ക് നടത്താന്‍ എന്നെ സഹായിക്കുന്ന വ്യക്തിയാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മകന്‍ ഇസഹാക്കിന്റെ ഇഷ്ടസിനിമകളെ പറ്റിയും കുഞ്ചാക്കോ ബോബന്‍ സംസാരിച്ചു. ‘ന്നാ താന്‍ കേസ് കൊട് അവന് ഭയങ്കര ഇഷ്ടമാണ്. അത് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. കാരണം കൊച്ചുകുട്ടികള്‍ക്ക് അത് മനസിലാവുമോ എന്നൊരു സംശയമുണ്ടായിരുന്നു. അവന് എന്നെ തന്നെ മനസിലാവുമോ, ഭാഷ മനസിലാകുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ അതിലെ ചില ഡയലോഗുകളും കാര്യങ്ങളും ഇസു ആസ്വദിക്കുന്നുണ്ട്. ഫ്ളോ പോയി, അറസ്റ്റ് ചെയ്യഡോ എന്ന് മജിസ്ട്രേറ്റ് പറയുന്നതൊക്കെ അവന്‍ ആസ്വദിക്കുന്നുണ്ട്.
മിന്നല്‍ മുരളിയുടെ വലിയൊരു ആരാധകനാണ് ഇസു. അതെനിക്ക് വലിയ ഇഷ്ടമല്ലായിരുന്നു. കാരണം ഞാന്‍ ആ സിനിമയില്‍ ഇല്ല. പക്ഷേ ന്നാ താന്‍ കേസ് കൊട് ഇറങ്ങി അതിലെ പാട്ടു ഡാന്‍സുമൊക്കെ അവന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഹാപ്പിയായി,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഇസയുടെ ഫേവറിറ്റ് ആക്ടര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ കിങ് കോങ് ആണെന്ന് തോന്നുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.
Content Highlight: Kunchako Boban says that partner Priya is her biggest critic