| Monday, 2nd October 2023, 6:06 pm

അനിയത്തിപ്രാവ് ഇനി ചെയ്യുകയാണെങ്കിൽ മുഴുവനായി തിരുത്തും: കുഞ്ചാക്കോ ബോബൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനിയത്തിപ്രാവ് തനിക്ക് വീണ്ടും കാണാൻ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബൻ. റിപീറ്റ്‌ അടിച്ച് കാണുന്ന തന്റെ സിനിമകളുടെ പേര് പറയാൻ പറഞ്ഞപ്പോഴാണ് അനിയത്തിപ്രാവ് ഇനി കാണുകയില്ലെന്നും താൻ അത് ബോറായിട്ടാണ് ചെയ്‌തെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അനിയത്തിപ്രാവ് എനിക്ക് കാണാൻ പറ്റുകയില്ല. കാരണം അത്രക്ക് ബോറായിട്ടാണ് ചെയ്ത് വെച്ചിട്ടുള്ളത്. എന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് എനിക്ക് നന്നായിട്ടറിയാം. ആ ഒരു പടത്തിന്റെ മെറിറ്റിലും ക്ലൈമാക്സിൽ ശ്രീവിദ്യാമ്മയും ലളിത ചേച്ചിയും പാറിയതുകൊണ്ടാണ് അത് അത്രയും നന്നായത്‌.

അനിയത്തിപ്രാവ് ഇപ്പോൾ ചെയ്യുകയാണെങ്കിൽ മുഴുവൻ ഭാഗങ്ങളും കറക്ട് ചെയ്യുമോ എന്ന ചോദ്യത്തിന് മുഴുവൻ കറക്ട് ചെയ്യുമെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.

‘ഫുൾ സിനിമാ കറക്ട് ചെയ്യുമെന്ന് പറയും. യാതൊരു സംശയവുമില്ലാതെ പറയും. അതിൽ യാതൊരു എതിർ അഭിപ്രായവുമില്ല. മുഴുവനായിട്ട് കറക്ട് ചെയ്യേണ്ടി വരും,’താരം പറഞ്ഞു.

കസ്തൂരിമാൻ, ന്നാ താൻ കേസ് കൊട്, അഞ്ചാം പാതിരാ തുടങ്ങിയ പടങ്ങൾ തനിക്ക് റിപീറ്റ്‌ അടിച്ച് കാണാൻ ഇഷ്ട്ടമുള്ള പടങ്ങളാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

തന്റെ ഫിറ്റ്നസ് രീതികളെക്കുറിച്ചും കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ സംസാരിച്ചു. താൻ ഒരു സ്പോർട്സ് ഫ്രീക് ആണെന്നും ജിം വർക്ക് ഔട്ട് അധികം താത്പര്യമില്ലാത്ത ആളാണെന്നും താരം പറഞ്ഞു.

‘ഞാൻ ഒരു സ്പോർട്സ് ഫ്രീക്കാണ്. കുറച്ചുകൂടെ ഔട്ട് ഡോറിലേക്ക് ഇറങ്ങാൻ ഇഷ്ടമുള്ള ഒരാളാണ്. ജിം വർക്ക് ഔട്ട് ഞാൻ അധികം എന്ജോയ് ചെയ്യാറില്ല. പക്ഷെ ഓട്ടം,ചാട്ടം, സ്പോർട്സ് ആക്ടിവിറ്റീസ് ഞാൻ കൂടുതലും എന്ജോയ് ചെയ്യാറുണ്ട്. ബാഡ്മിന്റൺ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.

ചാവേറിന്റെ ഷൂട്ടിന്റെ ഇടക്ക് ഷോൾഡർ ഇഞ്ചുറി വന്നിട്ട് കൈ അനക്കാൻ പറ്റാത്ത ഒരവസ്ഥ ഉണ്ടായി. അത് കഴിഞ്ഞ് പതിയെ റിക്കവർ ആയികൊണ്ട് വരുന്നു. ഇപ്പോൾ അത്യാവശ്യം ബാസ്കറ്റ് ബോൾ കളിക്കുന്ന ലെവൽ വരെയായി. ബാസ്കറ്റ് ബോൾ ഷോൾഡറിന് നല്ലതാണെന്ന് പറഞ്ഞപ്പോൾ അത് കളിക്കുന്നുണ്ട്. ഷട്ടിൽ കളിക്കാൻ കുറച്ചു കൂടെ സമയമെടുക്കും,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ടിനു പാപ്പച്ചൻ സംവിധാനം ചെയുന്ന ചാവേറാണ് കുഞ്ചാക്കോ ബോബന്റെ വരാനിരിക്കുന്ന ചിത്രം. അർജുൻ അശോകനും ആന്റണി വർഗീസ് പെപ്പെയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബർ 5ന് പടം തീയേറ്ററുകളിലേക്കെത്തും.

Content Highlight:  Kunchako Boban says that he will not be able to see his film aniyathiprav

We use cookies to give you the best possible experience. Learn more