പല സിനിമകളും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് കോടികളുടെ കളക്ഷന്‍ നേടി എന്ന പേരിലാണ്. അത്തരത്തില്‍ ഒരു കള്‍ച്ചര്‍ സിനിമ വാണിജ്യ രംഗത്ത് വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ കോടികളുടെ കണക്ക് പറഞ്ഞ് സിനിമ പ്രൊമോഷന്‍ നടത്തുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
ഒരു സിനിമയെ കുറിച്ച് പറയുമ്പോള്‍ എന്തിനാണ് ബിസിനസിനെ കുറിച്ച് മാത്രം പറയുന്നതെന്നും ഏറ്റവും മോശം പടത്തിന് ഇത്ര കോടി കളക്ഷന്‍ വന്നു എന്ന് പറയുന്ന എക്കോണമിക്‌സ് തനിക്ക് അറിയില്ലെന്നും പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ. റിപ്പോര്‍ട്ടര്‍ ടി. വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു സിനിമയെ കുറിച്ച് പറയുമ്പോള്‍ എന്തിനാണ് ബിസിനസിനെ കുറിച്ച് മാത്രം പറയുന്നത്. അതിനെ മാത്രം ഹൈലൈറ്റ് ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. നമ്മള്‍ സിനിമയെ കുറിച്ച് പറയുമ്പോള്‍ അതിന്റെ കഥ, ടെക്‌നിക്കല്‍ സൈഡ്, ക്വാളിറ്റി എന്നതിലാണ് കാര്യം. അത് ആള്‍ക്കാര്‍ക്ക് ഇഷ്ടപെടുന്നുണ്ടോ അവരുടെ മനസിനെ സ്വാധീനിക്കുന്നുണ്ടോ എന്നൊക്കെയാണ് നോക്കേണ്ടത്.
അതിനപ്പുറം ഏറ്റവും മോശം പടത്തിന് ഇത്ര കോടി കളക്ഷന്‍ വന്നു എന്ന് പറയുന്ന എക്കണോമിക്‌സ് എനിക്ക് അറിയില്ല. അതിന്റെ സൈക്കോളജിയും എനിക്ക് അറിയില്ല. നല്ല സിനിമ എത്ര കോടി ജനങ്ങളിലേക്ക് പോകുന്നു എന്നതിനപ്പുറം എത്ര കോടി കളക്ട് ചെയ്തു എന്ന് നോക്കുന്നതില്‍ എനിക്ക് താല്പര്യമില്ല.
ഞാന്‍ ഇതിനിടക്ക് റിയല്‍ എസ്റ്റേറ്റ് നടത്തിയ ഒരാളാണ്. എല്ലാവരുടെയും വിചാരം ഞാന്‍ റിയല്‍ എസ്റ്റേറ്റ് നടത്തി കോടാനുകോടി സമ്പാദിച്ചു എന്നാണ്. പക്ഷെ അതില്‍ അത്യാവശ്യം നല്ല നഷ്ടം നേരിടേണ്ടി വന്ന ആളാണ് ഞാന്‍. എന്റെ മുഖം കണ്ടാലും ഞാന്‍ ജീവിക്കുന്ന രീതി കണ്ടാലും ഇവന്‍ അടിപൊളിയാണല്ലോ എന്ന തോന്നലാണ്. അതെന്റെ മുഖത്തിന്റെ പ്രശ്‌നമാണ് (ചിരിക്കുന്നു),’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്ത് വരാനുള്ളത്.
കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Kunchako Boban says that he is not interested in talking about business of a movie, not the quality