ചോക്ലേറ്റ് ഹീറോയില്‍ നിന്ന് 'ഡാര്‍ക്ക്' ചോക്ലേറ്റ് ഹീറോയിലേക്ക്
Entertainment
ചോക്ലേറ്റ് ഹീറോയില്‍ നിന്ന് 'ഡാര്‍ക്ക്' ചോക്ലേറ്റ് ഹീറോയിലേക്ക്
ഹണി ജേക്കബ്ബ്
Saturday, 19th October 2024, 12:39 pm

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ഫാസില്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരമാണ് കുഞ്ചാക്കോ ബോബന്‍. നിഷ്‌കളങ്കമായ ചിരിയുടെയും പ്രണയം നിറയുന്ന കണ്ണുകളിലൂടെയും സുധി നടന്നു കയറിയത് മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിലാണ്. അനിയത്തിപ്രാവിന് ശേഷം തുടര്‍ച്ചയായി അദ്ദേഹം അഭിനയിച്ചത് പ്രണയ ചിത്രങ്ങളിലായിരുന്നു. അനിയത്തിപ്രാവിലൂടെ തുടങ്ങി പ്രേം പൂജാരി, നക്ഷത്ര താരാട്ട്, നിറം എന്നീ ചിത്രങ്ങളിലൂടെ ശാലിനിയും കുഞ്ചാക്കോ ബോബനും അന്നത്തെ ഹിറ്റ് പ്രണയ ജോഡികളായി മാറുകയായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ കൂടുതലും പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ച ചാക്കോച്ചന് ‘ചോക്ലേറ്റ് ഹീറോ’ എന്ന ടാഗ് നേടാന്‍ അധിക കാലം വേണ്ടി വന്നില്ല. ലോഹിതദാസിന്റെ കസ്തൂരി മാന്‍ എന്ന ചിത്രത്തിലെ സാജന്‍ ആലുക്കാസ് എന്ന കഥാപാത്രം കാമുകനായിരുന്നെങ്കിലും വ്യത്യസ്ഥനായിരുന്നു. ഇടക്ക് ട്രാഫിക് എന്ന ചിത്രത്തിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി ചാക്കോച്ചന്‍ വന്നതൊഴിച്ചാല്‍ പിന്നെ ചെയ്ത ചിത്രങ്ങളിലും അദ്ദേഹത്തിന് കാമുക പരിവേഷം തന്നെ ആയിരുന്നു. 2013ല്‍ വൈശാഖിന്റെ സംവിധാനത്തില്‍ ഇറങ്ങിയ വിശുദ്ധന്‍ എന്ന ചിത്രം അതുവരെ ചെയ്തുപോന്ന കഥാപാത്രങ്ങളില്‍ നിന്നും മാറി ചെയ്തതായിരുന്നു. വിമര്‍ശനങ്ങളോടൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ വേഷമായിരുന്നു അത്.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ വലിയൊരു മാറ്റത്തിന്റെ കാറ്റടിച്ച ചിത്രമാണ് മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ 2020 ല്‍ പുറത്തിറങ്ങിയ അഞ്ചാം പാതിരാ. ത്രില്ലര്‍ ഴോണറില്‍ ഇറങ്ങിയ ചിത്രത്തിലെ ക്രിമിനോളജിസ്റ്റായ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ വളരെ കയ്യടക്കത്തോടെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

ചാക്കോച്ചന്റെ കരിയറിനെ രണ്ടായി തരം തിരിക്കാം. 2020ന് മുമ്പുള്ള ചോക്ലറ്റ് ഹീറോ എന്നും 2020 ശേഷമുള്ള ചാക്കോച്ചനെന്നും. തന്റെ അതുവരെ ഉണ്ടായിരുന്ന ചോക്ലേറ്റ് ഇമേജ് തകര്‍ക്കുന്ന രീതിയിലാണ് പിന്നീടങ്ങോട്ട് കുഞ്ചാക്കോ ബോബന്‍ തെരഞ്ഞെടുത്ത കഥാപാത്രങ്ങളില്‍ ഏറെയും. തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ പുതുമയുള്ളതായിരുന്നു. കണ്ടു മടുത്ത സ്ഥിരം ശൈലിയില്‍ നിന്നും മാറിയുള്ളതായിരുന്നു.

കഴിഞ്ഞ വര്‍ഷമിറങ്ങിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ രൂപത്തിലും ഭാവത്തിലും അടിമുടി മാറിയ ചാക്കോച്ചനെയാണ് നമ്മള്‍ കണ്ടത്. സിനിമ കാണുന്ന ഓരോ പ്രേക്ഷകനും സ്‌ക്രീനില്‍ രാജിവനെ തന്നെയായിരുന്നു കാണാന്‍ കഴിഞ്ഞത്. ചാക്കോച്ചന്റെ ഒരു ഛായയും ആ കഥാപാത്രത്തിനുണ്ടായിരുന്നില്ല. ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. നായാട്ട്, ചാവേര്‍, അറിയിപ്പ്, ഭീമന്റെ വഴി, നിഴല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം റീ ഫ്രയ്‌സിങ് കുഞ്ചാക്കോ ബോബന്‍ ആയിരുന്നു.

കുഞ്ചാക്കോ ബോബനേയും ജ്യോതിര്‍മയിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ന്‍വില്ല. ജ്യോതിര്‍മയി ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറിലിറങ്ങിയ ചിത്രം മികച്ച അഭിപ്രായമെന്ന് നേടുന്നത്. ചിത്രത്തില്‍ റീത്തുവിന്റെ റോയിച്ചനായി എത്തിയത് കുഞ്ചാക്കോ ബോബനാണ്. അദ്ദേഹത്തിന്റെ അതികിടിലം പ്രകടനം തന്നെ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. കൂടുതല്‍ പറഞ്ഞാല്‍ രസം കൊല്ലി ആകാന്‍ സാധ്യതയുള്ളതുകൊണ്ടു തന്നെ റോയിസ് തകര്‍ത്തു എന്ന് മാത്രം പറയുന്നു.

മമ്മൂക്ക അദ്ദേഹത്തെ തേച്ചുമിനിക്കി കൊണ്ടിരിക്കുകയാണ് എന്ന് പലപ്പോഴും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അതിനോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ട പേരാണ് കുഞ്ചാക്കോ ബോബന്റേതെന്ന് തോന്നിപോകും. ഓരോ സിനിമകള്‍ കഴിയുമ്പോഴും അദ്ദേഹം അഭിനേതാവെന്ന നിലയില്‍ നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ബോഗയ്ന്‍വില്ലയിലും മറിച്ചല്ല. വളരെ കയ്യടക്കത്തോടെ റോയിസിനെ അവതരിപ്പിച്ച് വീണ്ടും വിസ്മയിപ്പിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോയില്‍ നിന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞപോലെ ‘ഡാര്‍ക്ക്’ ചോക്ലേറ്റ് ഹീറോ ആയി മാറിക്കൊണ്ടിരിക്കുന്ന ചാക്കോച്ചന്റെ കൂടുതല്‍ ‘ഡാര്‍ക്ക്’ റൊമാന്റിക്കുകള്‍ വരും ചിത്രങ്ങളിലും നമുക്ക് പ്രതീക്ഷിക്കാം.

Content Highlight: Kunchako Boban’s Acting Transformation

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം