അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തപ്പോള്‍ ഉള്ളില്‍ പേടിയുണ്ടായിരുന്നു: ഫാസില്‍
Malayalam Cinema
അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തപ്പോള്‍ ഉള്ളില്‍ പേടിയുണ്ടായിരുന്നു: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd November 2020, 9:09 pm

കൊച്ചി: അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ശരിയായിരുന്നെന്ന് സംവിധായകന്‍ ഫാസില്‍. സിനിമയിലേക്ക് ചാക്കോച്ചനെ വിടുമോ എന്ന് രക്ഷിതാക്കളോട് ചോദിക്കുമ്പോള്‍ തനിക്ക് ഉള്ളില്‍ ഭയമുണ്ടായിരുന്നെന്നും ഫാസില്‍ പറഞ്ഞു.

‘കുഞ്ചാക്കോ ബോബന്‍ ആ സമയം ബി കോമിന് പഠിക്കുകയാണ്. അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോള്‍ പഠനത്തില്‍ നിന്ന് ബ്രേക്കെടുത്തിരുന്നു. ഒരാളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്നത് ശരിയല്ലെന്ന ഒരു ആശങ്ക എനിക്കുണ്ടായിരുന്നു’, ഫാസില്‍ പറഞ്ഞു.

അനിയത്തിപ്രാവിലെ സുധിയാകാന്‍ കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തത് തന്റെ ഭാര്യയുടെ നിര്‍ദേശപ്രകാരമായിരുന്നെന്നും ഫാസില്‍ പറഞ്ഞു.

1981 ല്‍ ഫാസിലിന്റെ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ ബോബന്റെ സിനിമാ പ്രവേശം. പിന്നീട് 21-ാം വയസില്‍ അനിയത്തിപ്രാവ് എന്ന തന്റെ ചിത്രത്തില്‍ നായകനാക്കി ഫാസില്‍, ചാക്കോച്ചനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തി.

അതിന് ശേഷം മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ ചാക്കോച്ചന് ചോക്ലേറ്റ് ഹീറോ എന്ന പരിവേഷവും ലഭിച്ചു. ഇടയ്ക്ക് ഇടവേളയെടുത്ത ചാക്കോച്ചന്‍ വീണ്ടും മലയാളത്തില്‍ സജീവമാണ്.

മടങ്ങിവരവില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളും ചാക്കോച്ചന് ലഭിച്ചു. അവസാനമിറങ്ങിയ അഞ്ചാം പാതിര മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറെന്നും 2020 ലെ ആദ്യ സൂപ്പര്‍ഹിറ്റെന്നുമുള്ള അഭിപ്രായങ്ങള്‍ സ്വന്തമാക്കി.

2004ല്‍ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തു.

എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, ട്രാഫിക്, ടടേക്ക് ഓഫ്, ഹൗ ഓള്‍ഡ് ആര്‍ യൂ, സീനിയേഴ്‌സ്, വേട്ട, വൈറസ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ്, ഗോഡ് ഫോര്‍ സെയില്‍, ചിറകൊടിഞ്ഞ കിനാവുകള്‍, വിശുദ്ധന്‍, വലിയ ചിറകുള്ള പക്ഷികള്‍, സ്‌ക്കൂള്‍ ബസ്, രാമന്റെ ഏദന്‍ തോട്ടം എന്നീ ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബന്റെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunchako Boban Fasil AniyathiPravu Malayalam Cinema