| Tuesday, 26th July 2022, 5:14 pm

ഇത് പഴയ ചോക്ലേറ്റ് ഹീറോയുടെ ഡാന്‍സല്ല, ദേവദൂതര്‍ സോങ്ങിലെ കുഞ്ചാക്കോ 'കട്ട ലോക്കലാ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയിക്കുന്ന സിനിമകളിലെല്ലാം വെറൈറ്റി ഡാന്‍സ് കാഴ്ചവെക്കുന്ന ഒരു ചോക്ലേറ്റ് ഹീറോ. തൊണ്ണൂറുകളില്‍ അദ്ദേഹത്തിന്റെ ഡാന്‍സിനുണ്ടായ വലിയകൂട്ടം ആരാധകര്‍. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ ക്യാരക്ടര്‍ റിപീറ്റേഷനെ പൊളിച്ചടുക്കിക്കൊണ്ട് കട്ട ലോക്കല്‍ ലുക്കില്‍ ആ നായകന്‍ എത്തുന്നു. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, സോഷ്യല്‍ മീഡിയ മൊത്തം വൈറലാവുന്ന കുഞ്ചാക്കോ ബോബന്റെ ഡാന്‍സിനെ കുറിച്ചാണ്.

ലുങ്കിയും ഷര്‍ട്ടുമിട്ട് ഉത്സവപ്പറമ്പില്‍ പ്രത്യേകതരം ചില സ്റ്റെപ്പുകള്‍ റിപ്പീറ്റ് ചെയ്ത് കളിക്കുന്ന കൊഴുമ്മല്‍ രാജീവനില്‍ അനിയത്തി പ്രാവിലെ സുധിയുടെ ഒരു അടയാളം പോലും തരിമ്പ് അവശേഷിക്കുന്നില്ല. മലയാള സിനിമ മാറി തുടങ്ങിയപ്പോള്‍ അതിനനുസരിച്ച് അഭിനയം കാഴ്ചവെച്ച് മുന്നേറുകയാണ് കുഞ്ചാക്കോ ബോബന്‍.

കഥാപാത്രങ്ങള്‍ക്ക് വേണ്ടി വലിയ മേക്ക്ഓവറുകളൊന്നും ട്രൈ ചെയ്യാത്ത ആളാണ് കുഞ്ചാക്കോ. ചിറകൊടിഞ്ഞ കിനാവിലും സീനിയേഴ്‌സിലുമാണ് ആളുകള്‍ ശ്രദ്ധിക്കുന്ന തരത്തില്‍ അദ്ദേഹം വേറിട്ട ലുക്കിലെത്തിയത്. ഇപ്പോള്‍ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ലുക്കും ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്. കറുത്ത നിറത്തില്‍, നാട്ടിന്‍ പുറത്തുകാരനായ ഒരാളായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ ചിത്രത്തിലെ ഇപ്പോള്‍ ഇറങ്ങിയ ദേവദൂതര്‍ എന്ന ഗാനം വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ പാട്ടിന്റെ ഓളമാണെന്ന് വേണം പറയാന്‍. കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമേക്ക് ആണ് ഈ പാട്ട്.

സോങ്ങില്‍ നാട്ടിന്‍ പുറങ്ങളിലെ ഉത്സവ പറമ്പുകളില്‍ കാണാറുള്ള ഒരാള്‍ മാത്രമായാണ് കുഞ്ചാക്കോ ബോബനെ അനുഭവപ്പെടുന്നത്. അയാള്‍ കളിക്കുന്ന ഒട്ടും കൃത്യതയില്ലാത്ത ഡാന്‍സ് സ്റ്റെപ്പുകള്‍ പണ്ടത്തെ കുഞ്ചാക്കോ ബോബനെ ഓര്‍മ പെടുത്തുന്നുകൂടിയില്ല.

ഗാനമേളകള്‍ നടക്കുന്ന സമയത്ത് ആള്‍കൂട്ടങ്ങളില്‍ നിന്നും അല്പം മാറിനിന്ന് പരിസരത്തെ ഒട്ടും കൂസാതെ, തോന്നിയ സ്റ്റെപ്പുകളിട്ട് പാട്ട് ആസ്വദിക്കുന്നവര്‍ സ്ഥിരം കാഴ്ചയാണ്. സത്യത്തില്‍ അവര്‍ ആള്‍ക്കൂട്ടങ്ങളില്‍ മെയിന്‍ അട്രാക്ഷനായി മാറാറുണ്ട്. ഈ പാട്ടിലും അദ്ദേഹം അങ്ങനെയൊരു സാഹചര്യത്തിലാണ് കടന്നുവരുന്നത്. കട്ട ലോക്കലായ ആ കഥാപാത്രം തീര്‍ച്ചയായും കുഞ്ചാക്കോയുടെ കൈകളില്‍ ഭദ്രമാണ്.

ഡാന്‍സ് കളിച്ച് കാണികളെ അമ്പരിപ്പിക്കാന്‍ മാത്രമല്ല ചിരിപ്പിക്കാനും ആഹ്ലാദിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അഥവാ അദ്ദേഹത്തിന്റെ ഡാന്‍സ് മൂവ്‌മെന്റുകള്‍ക്ക് സാധിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബനെന്നാല്‍ പലര്‍ക്കും കിടിലന്‍ ഡാന്‍സ് കാഴ്ചവെക്കുന്ന റൊമാന്റിക് ഹീറോ ആണ്. അദ്ദേഹത്തിന്റെ ഡാന്‍സിന് കേരളത്തിലുള്ള ആരാധകരുടെ എണ്ണം ഒട്ടും കുറവല്ല. അനിയത്തിപ്രാവിലെ സുധിയേയും നിറത്തിലെ എബിയെയും ആളുകള്‍ ഓര്‍ത്തിരിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഡാന്‍സിനും പങ്കുണ്ട്.

ചന്ദാമാമ പാട്ടിന് ഡാന്‍സ് ചെയ്യുന്ന കുഞ്ചാക്കോ ബോബനെ കാണാന്‍ ദൂരദര്‍ശന്‍ നോക്കിയിരുന്ന കുട്ടിക്കാലം എല്ലാവര്‍ക്കുമുണ്ടാകും. കൂളായി നൃത്തം കളിക്കുന്ന, ആ ചോക്ലേറ്റ് ഹീറോ ഇവിടെ ഉണ്ടാക്കിയെടുത്ത ആരാധകര്‍ ചില്ലറയല്ല.

നിറം സിനിമയില്‍ പ്രായം നമ്മില്‍, ശുക്‌റിയ എന്നീ സോങ്ങുകളില്‍ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവന്‍ അദ്ദേഹത്തിന്റെ ഡാന്‍സിലായിരുന്നു. അവിടെ നിന്നും അദ്ദേഹം ഒരുപാട് മാറി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ സ്വഭാവവും സിനിമ സെലക്ഷനും മാറി. പ്രേക്ഷകരുടെ കാഴ്ച നിലവാരത്തിന് അനുസരിച്ചുള്ള പെര്‍ഫോമുകളും അദ്ദേഹത്തിന്റേതായി പുറത്ത് വന്നു.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. ആ പ്രതീക്ഷക്ക് ബലം കൂട്ടുന്നത് അദ്ദേഹത്തിന്റെ അഭിനയത്തില്‍ ആരാധകര്‍ക്കുള്ള വിശ്വാസം തന്നെയാണ്.

Content Highlight: Kunchako Boban done great dance performance in the song Devadoothar from the movie Nna Than Kase Kodu movie

We use cookies to give you the best possible experience. Learn more