| Tuesday, 4th June 2024, 2:59 pm

എന്റെ സിനിമയില്‍ എന്നെക്കാളും കൂടുതല്‍ കൈയടി വേറൊരാള്‍ക്ക് കിട്ടിയത് എനിക്കിഷ്ടപ്പെട്ടില്ല: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് റിയാസ് ഖാന്റെ ദുബായ് ജോസ് എന്ന കഥാപാത്രം. 2004ല്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജലോത്സവം എന്ന സിനിമയിലെ വില്ലനായ ദുബായ് ജോസായാണ് റിയാസ് ഖാന്‍ എത്തിയത്.

ചിത്രത്തില്‍ റിയാസിന്റെ പഞ്ച് ഡയലോഗായ ‘അടിച്ച് കേറി വാ’ സോഷ്യല്‍ മീഡിയ മുഴുവന്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് സിനിമയുടെ മാജിക്കെന്ന് ജലോത്സവത്തിലെ നായകന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ആ ഡയലോഗാണ് ഇപ്പോള്‍ ഹിറ്റെന്ന് അറിഞ്ഞെന്നും, എന്നാല്‍ തന്റ സിനിമയില്‍ തന്നെക്കാള്‍ കൂടുതല്‍ കൈയടി വേറൊരു നടന് കിട്ടുന്നത് ഇഷ്ടമല്ലാത്തതു കൊണ്ട് ആ വീഡിയോ ഇതുവരെ കണ്ടില്ലെന്നും കുഞ്ചാക്കോ തമാശരൂപേണ പറഞ്ഞു. പുതിയ ചിത്രമായ ഗര്‍ര്‍റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ആ ഡയലോഗാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങെന്ന് അറിഞ്ഞു. പക്ഷേ അത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്റെ സിനിമയില്‍ എന്നെക്കാള്‍ കൈയടി വേറൊരു നടന് കിട്ടുന്നത് എനിക്കിഷ്ടമല്ല (ചിരിക്കുന്നു). സിനിമയുടെ മാജിക്കാണ് ഈ കാണുന്നത്. കാരണം, 20 വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമയിലെ ഡയലോഗാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുക്കുന്നത്.

ഇത്രയും കാലം ജലോത്സവം എന്ന സിനിമയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ‘കേരനിരകളാടും’ എന്ന പാട്ടായിരുന്നു പലരുടെയും മനസില്‍ വന്നിരുന്നത്. ആ പാട്ടില്ലാതെ കേരളപ്പിറവിയെപ്പറ്റി ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ ജലോത്സവം എന്നു പറഞ്ഞാല്‍ ദുബായ് ജോസും, ‘അടിച്ച് കേറി വാ’ എന്നുള്ള ഡയലോഗിലേക്ക് കാര്യങ്ങള്‍ മാറി. ഇതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban about the Viral dialogue of Riyaz Khan in Jalolsavam

We use cookies to give you the best possible experience. Learn more